സീരി സി മത്സരത്തിനിടെ റെഡ് കാര്‍ഡ് കിട്ടിയ സ്വന്തം ടീമിലെ താരത്തെ കൈകാര്യം ചെയ്‌ത് മുൻ ബർമിംഗ്ഹാം സിറ്റി മാനേജർ പെപ് ക്ലോട്ടെറ്റ് വിവാദത്തിൽ. 2019- 2020 ൽ ഇഎഫ്‌എല്‍ ചാമ്പ്യൻഷിപ്പിൽ ബ്രൈറ്റനെ നിയന്ത്രിച്ച ക്ലോട്ടറ്റ് നിലവിൽ ഇറ്റാലിയൻ ക്ലബ് ട്രൈസ്റ്റിനയുടെ മാനേജറാണ്.
ജിയാന എർമിനിയോ- ട്രൈസ്റ്റിന ലീഗ് മത്സരത്തിലാണ് സംഭവം. ട്രൈസ്റ്റിനയുടെ താരം റൈമണ്ട്സ് ക്രോളിസിന് റെഡ് കാര്‍ഡ് ലഭിച്ചതിന് തുടര്‍ന്ന് ക്ലോട്ടെറ്റ് രോഷാകുലനാകുകയായിരുന്നു. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ടീം സീരി സി സ്റ്റാൻഡിംഗിൽ ഏറ്റവും അവസാനമാണ് നില്‍ക്കുന്നത്.
ക്രോളിസിന്‍റെ ചുവപ്പ് കാർഡ് മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ക്രോളിസ് ഡ്രസ്സിങ് റൂമിലേക്ക് പോകുമ്പോൾ ക്ലോട്ടറ്റ് ദേഷ്യത്തോടെ അടുത്തേക്ക് വരുകയും താരത്തിന്‍റെ കോളറിൽ പിടിച്ച് തള്ളുകയുമായിരുന്നു. മാനേജറുടെ ആക്രമണത്തില്‍ ക്രോളിസ് സ്വയം പ്രതിരോധിച്ചില്ല. നിരാശാജനകമായ ഭാവമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. 87-ാം മിനിറ്റിൽ ഗബ്രിയേൽ അവിഞ്ചിയുടെ ഗോളിൽ ട്രൈസ്റ്റിന 0-1ന് പരാജയപ്പെട്ടു.