കേരളം

kerala

ETV Bharat / sports

നിസങ്കയുടെ ഡബിള്‍ സെഞ്ച്വറി, നബി-ഒമര്‍സായ് സഖ്യത്തിന്‍റെ പോരാട്ടവീര്യം; ലങ്കയോട് ആദ്യ ഏകദിനം പൊരുതി തോറ്റ് അഫ്‌ഗാന്‍ - ശ്രീലങ്ക അഫ്‌ഗാനിസ്ഥാന്‍

അഫ്‌ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്ക് 42 റണ്‍സിന്‍റെ ജയം. 382 റണ്‍സ് പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന് മത്സരത്തില്‍ നേടാനായത് 6 വിക്കറ്റ് നഷ്‌ടത്തില്‍ 339 റണ്‍സ്.

Pathum Nissanka Double Century  Azmatullah Omarzai  Mohammad Nabi  ശ്രീലങ്ക അഫ്‌ഗാനിസ്ഥാന്‍  പാതും നിസങ്ക
SL vs AFG 1st ODI

By ETV Bharat Kerala Team

Published : Feb 10, 2024, 7:06 AM IST

പല്ലേക്കലെ : ഇരട്ടസെഞ്ച്വറിയുമായി പാതും നിസങ്ക (Pathum Nissanka ODI Double Century) ചരിത്രനേട്ടം സൃഷ്‌ടിച്ച മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി തോറ്റ് അഫ്‌ഗാനിസ്ഥാന്‍. ഇരു ടീമും മുഖാമുഖം പോരടിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 42 റണ്‍സിനാണ് അഫ്‌ഗാനിസ്ഥാന്‍ പരാജയപ്പെട്ടത് (Sri Lanka vs Afghanistan 1st ODI Result). ആദ്യം ബാറ്റ് ചെയ്‌ത് ശ്രീലങ്ക 382 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാന്‍റെ പോരാട്ടം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 339 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അസ്‌മത്തുള്ള ഒമര്‍സായി (Azmatullah Omarzai), മുഹമ്മദ് നബി എന്നിവര്‍ സെഞ്ച്വറിയടിച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല (Mohammad Nabi). ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അഫ്‌ഗാനിസ്ഥാന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ഡബിള്‍ നിസങ്ക...:ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്കയ്‌ക്ക് ഓപ്പണര്‍മാരായ പാതും നിസങ്ക, അവിഷ്‌കോ ഫെര്‍ണാണ്ടോ എന്നിവര്‍ ചേര്‍ന്ന് നല്‍കിയത് വെടിക്കെട്ട് തുടക്കം. ആദ്യ ഓവര്‍ മുതല്‍ തന്നെ ഇരുവരും റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ ഒന്നാം വിക്കറ്റില്‍ 26.2 ഓവറില്‍ ലങ്കന്‍ സ്കോര്‍ബോര്‍ഡിലേക്ക് എത്തിയത് 182 റണ്‍സ്.

88 പന്തില്‍ 88 റണ്‍സെടുത്ത അവിഷ്‌കയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത് ഫരീദ് അഹമ്മദ്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ നായകന്‍ കുശാല്‍ മെന്‍ഡിസിനെ തിളങ്ങാനായില്ല. 31 പന്തില്‍ 16 റണ്‍സ് നേടിയ താരം മുഹമ്മദ് നബിക്ക് മുന്നില്‍ വീണു.

36 പന്തില്‍ 45 റണ്‍സ് നേടി സദീര സമരവിക്രമ നിസങ്കയ്‌ക്ക് മികച്ച പിന്തുണ നല്‍കി. നേരിട്ട 88-ാം ബോളില്‍ നിസങ്ക സെഞ്ച്വറിയിലേക്കും 136-ാം പന്തില്‍ ഡബിള്‍ സെഞ്ച്വറിയിലേക്കും എത്തിയതോടെ ലങ്കന്‍ സ്കോര്‍ കുതിച്ചുയര്‍ന്നു.

120 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നിസങ്ക-സമരവിക്രമ സഖ്യം അടിച്ചെടുത്തത്. സ്കോര്‍ 345ല്‍ നില്‍ക്കെ സമരവിക്രമയെ ഫരീദ് അഹമ്മദ് പുറത്താക്കി. പിന്നാലെ എത്തിയ ചരിത് അസലങ്ക എട്ട് പന്തില്‍ ഏഴ് റണ്‍സുമായി നിസങ്കയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

മത്സരത്തില്‍ 139 പന്തില്‍ 210 റണ്‍സായിരുന്നു പാതും നിസങ്കയുടെ സമ്പാദ്യം. 20 ഫോറുകളും എട്ട് സിക്‌സറുകളും അടങ്ങിയതായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്. ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കായി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ഈ പ്രകടനത്തോടെ സ്വന്തം പേരിലാക്കാന്‍ നിസങ്കയ്‌ക്കായി.

ഒമര്‍സായി - നബി പോരാട്ടം...:മറുപടി ബാറ്റിങ്ങില്‍ ലങ്കന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ അഫ്‌ഗാനിസ്ഥാന്‍ മുന്‍ നിര തകര്‍ന്നു. റഹ്മാനുള്ള ഗുര്‍ബാസ് (1), ഇബ്രാഹിം സദ്രാന്‍ (4), റഹ്മത്ത് ഷാ (7), ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (7), ഗുലാബുദിന്‍ നൈബ് (16) എന്നിവരെ ഒന്‍പത് ഓവറിനുള്ളില്‍ തന്നെ അഫ്‌ഗിനിസ്ഥാന് നഷ്‌ടപ്പെട്ടു. ആദ്യ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ 8.3 ഓവറില്‍ 55 റണ്‍സായിരുന്നു അവരുടെ സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

അസ്‌മത്തുള്ള ഒമര്‍സായിയും മുഹമ്മദ് നബിയും ക്രീസിലൊന്നിച്ചതോടെ അഫഗാനിസ്ഥാന്‍ റണ്‍സ് കണ്ടെത്തി തുടങ്ങി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 242 റണ്‍സ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഇത്.

130 പന്തില്‍ 136 റണ്‍സ് നേടിയ മുഹമ്മദ് നബിയെ വീഴ്‌ത്തി പ്രമോദ് മദുഷാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 46-ാം ഓവറിലായിരുന്നു നബി പുറത്തായത്. 115 പന്തില്‍ 149 റണ്‍സുമായി പുറത്താകാതെ ഒമര്‍സായ് പൊരുതിയെങ്കിലും എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും അകലെയായിരുന്നു അഫ്‌ഗാനിസ്ഥാന് വിജയം.

അഫ്‌ഗാന്‍ ബാറ്റര്‍ ഇക്രം അലിഖില്‍ 14 പന്തില്‍ 10 റണ്‍സുമായി ഒമര്‍സായിക്കൊപ്പം പുറത്താകാതെ നിന്നു. പ്രമോദ് മദുഷാന്‍ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കായി നാല് വിക്കറ്റാണ് വീഴ്‌ത്തിയത്.

Also Read :'ആദ്യം നല്ലൊരു ബാറ്ററാവൂ, ക്യാപ്റ്റനാവുന്നത് പിന്നെയാവാം' ; രോഹിത്തിന് വിമര്‍ശനം

ABOUT THE AUTHOR

...view details