മുംബൈ: റെഡ് ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമിന്‍റെ പിടിയിലായിരുന്ന താരമാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer). ഇതു ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുറത്തേക്കും 29-കാരന് വഴി തുറുന്നു. എന്നാല്‍ ശ്രേയസ് ഒരല്‍പ്പം ആശ്വാസം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വീണ്ടുമൊരു അര്‍ധ സെഞ്ചുറിക്കായുള്ള 14 മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ശ്രേയസ് അയ്യര്‍.
വിദര്‍ഭയ്‌ക്ക് എതിരായ രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ മുംബൈക്കായാണ് (Mumbai vs Vidarbha) ശ്രേയസിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനം. മുംബൈയുടെ രണ്ടാം ഇന്നിങ്‌സില്‍ മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് ശ്രേയസ് അന്‍പത് കടന്നത്. വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ വിദര്‍ഭ ബോളര്‍മാര്‍ക്ക് എതിരെ ഏറെ സംയമനത്തോടെയും ആത്മവിശ്വാസത്തോടെയും ബാറ്റ് വീശിയ താരം 62 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ചുറി തികച്ചത്.
29-കാരനായ ശ്രേയസിന്‍റെ 30-ാം ഫസ്റ്റ് ക്ലാസ് ഫിഫ്റ്റിയാണിത്. ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴ് റണ്‍സില്‍ ശ്രേയസിനെ എറിഞ്ഞിടാന്‍ വിദര്‍ഭയ്‌ക്ക് കഴിഞ്ഞിരുന്നു. ഷോര്‍ട്ട് ബോളില്‍ കെണിയൊരുക്കിയായിരുന്നു താരത്തെ പിടിച്ചുകെട്ടിയത്. ഉമേഷ് യാദവിന്‍റെ ഷോര്‍ട്ട് ബോളിന് ബാറ്റുവെച്ച ശ്രേയസ് കരുണ്‍ നായരുടെ കയ്യിലായിരുന്നു അവസാനിച്ചത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഷോര്‍ട്ട് ബോളിനെതിരെ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് താരം കളിച്ചത്. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 75 പന്തിൽ 2 സിക്സറുകളും 8 ബൗണ്ടറികളും സഹിതം പുറത്താകാതെ 68 റൺസാണ് ശ്രേയസിന്‍റെ അക്കൗണ്ടിലുള്ളത്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ അടുത്തിടെ ശ്രേയസിന് ബിസിസിഐ കരാര്‍ നഷ്‌ടമായിരുന്നു.