രാജ്‌കോട്ട്:നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാന് (Sarfarz Khan) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്‍പായി മുന്‍താരം അനില്‍ കുംബ്ലെയാണ് സര്‍ഫറാസ് ഖാന് ടെസ്റ്റ് ക്യാപ് കൈമാറിയത് (India vs England 3rd Test). സര്‍ഫറാസ് ഖാന് ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങുമ്പോള്‍ കാമറ കണ്ണുകള്‍ ചലിച്ചത് താരത്തിന്‍റെ അച്ഛന്‍ നൗഷാദ് ഖാനിലേക്കായിരുന്നു.
മകന്‍ ആദ്യമായി ഇന്ത്യൻ ദേശീയ ടീമിന്‍റെ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങുന്ന കാഴ്‌ച നിറകണ്ണുകളോടെയായിരുന്നു ആ അച്ഛന്‍ നോക്കി നിന്നത് (Naushad Khan Gets Emotional After Sarfaraz Khan Makes Debut For India). തുടര്‍ന്ന് തനിക്ക് അരികിലേക്ക് എത്തിയ മകനെ കെട്ടിപ്പിടിക്കാനും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ തൊപ്പിയില്‍ മുത്തം നല്‍കാനും നൗഷാദ് ഖാന്‍ മറന്നില്ല. ഈ സമയം വികാരാധീനയായിരുന്നു സര്‍ഫാറാസിന്‍റെ ഭാര്യയും.
പത്ത് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് എത്തിയിരിക്കുന്നത്. 2014ല്‍ ആയിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന്‍റെ അരങ്ങേറ്റം. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് എത്തിയതിന് ശേഷമായിരുന്നു സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്.
മികച്ച രീതിയില്‍ റണ്‍സ് അടിച്ച് കൂട്ടുന്നതിനിടെയും ശാരീരികക്ഷമതയില്ലെന്ന് പറഞ്ഞ് താരത്തെ മുംബൈ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന്, അച്ഛന്‍ നൗഷാദ് ഖാന്‍ നല്‍കിയ പരിശീലനങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിനായി രഞ്ജി ട്രോഫിയില്‍ പാഡ് കെട്ടി. അവിടെയും റണ്‍സ് അടിച്ചുകൂട്ടാന്‍ സര്‍ഫറാസ് ഖാന് മടിയുണ്ടായിരുന്നില്ല.