ഹൈദരാബാദ്:സയ്യിദ് മുഷ്‌താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ രണ്ടു സെഞ്ചറികളുടെ തിളക്കവുമായി മടങ്ങിയെത്തിയ സഞ്ജു സാംസനാണ് ടീമിനെ നയിക്കുക. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ഹൈദരാബാദിലാണ് കേരളത്തിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ. 23ന് സർവീസസിന് എതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം.
സഞ്ജു കേരളത്തിനൊപ്പം ചേരുന്നത് ടീമിനും ആത്മവിശ്വാസം പകരും. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് കളിക്കാൻ ഇറങ്ങിയാൽ നല്ല സുഹൃത്തുക്കൾ കൂടിയായ സഞ്ജുവും സൂര്യയും നേർക്കുനേരെയെത്തുന്ന പോരാട്ടം കൂടി ആരാധകർക്ക് കാണാം. കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ താരനിരയും ടീമിലുണ്ട്. സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ്, ഷറഫുദീന്‍ തുടങ്ങിയവർ അടങ്ങിയതാണ് കേരള നിര.
നിലവിലെ സീസണിൽ രഞ്ജിയിൽ കേരളംഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സി കെ നായിഡു ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ കേരളം തമിഴ്‌നാടിനെ തോല്പിച്ചിരുന്നു. മികച്ച ഫോമിലുള്ള കേരള ടീം മുഷ്‌താഖ് അലി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് ഇയിൽ മുംബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവ്വീസസ്, നാഗാലന്‍ഡ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്.