അഹമ്മദാബാദ് : ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി കൂടുതല്‍ ജയങ്ങള്‍ നേടിയ ക്യാപ്‌റ്റൻ എന്ന ഷെയ്‌ണ്‍ വോണിന്‍റെ നേട്ടത്തിനൊപ്പം സഞ്ജു സാംസണും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തിലെ റോയല്‍സിന്‍റെ ജയത്തിന് പിന്നാലെയാണ് സഞ്ജു ഓസീസ് ഇതിഹാസ താരത്തിന്‍റെ നേട്ടത്തിനൊപ്പം എത്തിയത്. സഞ്ജുവിനും ഷെയ്‌ൻ വോണിനും കീഴില്‍ 31 ജയങ്ങളാണ് രാജസ്ഥാൻ റോയല്‍സ് നേടിയിട്ടുള്ളത്.
രാജസ്ഥാൻ റോയല്‍സിന് ആദ്യ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഷെയ്‌ൻ വോണ്‍. 2008ലെ പ്രഥമ ഐപിഎല്ലില്‍ ആയിരുന്നു രാജസ്ഥാന്‍റെ ഈ നേട്ടം. ഷെയ്‌ൻ വോണിന് ശേഷം രാജസ്ഥാൻ റോയല്‍സിനെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ച ആദ്യ നായകൻ സഞ്ജു സാംസണ്‍ ആയിരുന്നു.
2022ലെ ഐപിഎല്‍ പതിപ്പില്‍ ആയിരുന്നു സഞ്ജു റോയല്‍സിനെ ഫൈനലിലേക്ക് എത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസിനോടായിരുന്നു ആ വര്‍ഷം ഫൈനലില്‍ രാജസ്ഥാൻ തോല്‍വി വഴങ്ങിയത്. 2021ല്‍ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് കീഴില്‍ ഇതുവരെ 60 മത്സരങ്ങളിലാണ് രാജസ്ഥാൻ കളത്തിലിറങ്ങിയത്.
രാഹുല്‍ ദ്രാവിഡ്, സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് പട്ടികയില്‍ സഞ്ജുവിന് പിന്നില്‍. രാഹുല്‍ ദ്രാവിഡിന് കീഴില്‍ 34 മത്സരങ്ങളില്‍ 18 ജയവും സ്‌മിത്തിന് കീഴില്‍ കളിച്ച 27 കളിയില്‍ 15 ജയവുമാണ് രാജസ്ഥാൻ റോയല്‍സ് നേടിയിട്ടുള്ളത്. അജിങ്ക്യ രഹാനെ, ഷെയ്‌ൻ വാട്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 9, 7 ജയങ്ങളും റോയല്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ബെംഗളൂരു ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ രാജസ്ഥാൻ മറികടക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (45), റിയാൻ പരാഗ് (36), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (26) എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു രാജസ്ഥാൻ വിജയത്തിലേക്ക് എത്തിയത്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയല്‍സിന്‍റെ അടുത്ത മത്സരം. നാളെ ചെന്നൈയിലാണ് ഈ മത്സരം നടക്കുക.
Read More:ആര്‍സിബിയുടെ 'റോയല്‍' തിരിച്ചുവരവിന് രാജസ്ഥാന്‍റെ 'മടക്ക ടിക്കറ്റ്'; സഞ്ജുവും സംഘവും ക്വാളിഫയറില്‍, വിരാട് കോലിക്ക് വീണ്ടും കണ്ണീര്‍മടക്കം - RR Vs RCB Eliminator Result