മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്‌ത്തി മുൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. രണ്ട് ദിവസം മഴ മുടക്കിയ കാണ്‍പൂര്‍ ടെസ്റ്റില്‍ രോഹിത്തിന്‍റെ ബാറ്റിങ്ങിനെയാണ് മഞ്ജരേക്കര്‍ എടുത്തുകാട്ടുന്നത്. ഇന്ത്യന്‍ നായകന്‍ കാട്ടിയ ആക്രമണോത്സുകത ടീമിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായകമായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് അവശേഷിപ്പിക്കാന്‍ പോരുന്ന പാരമ്പര്യം അതാണെന്നുമാണ് മഞ്ജരേക്കര്‍ പറയുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രോഹിത് അവശേഷിപ്പിക്കുന്ന പാരമ്പര്യമാണിത്. അദ്ദേഹം ചിന്തിക്കുന്ന രീതിയാണിത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകളിലൊന്നാണ് ഇന്ത്യ.
അത്രയും സമയം നഷ്‌ടപ്പെട്ടുവെന്ന് മനസിലാക്കിയ അവര്‍ ചാമ്പ്യന്മാരുടെ സമീപനമാണ് കാണിച്ചത്. കഴിഞ്ഞ ഏകദിന ലോകകപ്പിലെന്ന പോലെ ക്യാപ്റ്റന്‍ ഇത്തവണയും മാതൃകയായി. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് രോഹിത് നല്‍കുന്ന സംഭാവയായി ആ ആക്രമണോത്സുക അവശേഷിക്കും"- ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ മഞ്ജരേക്കർ പറഞ്ഞു.
ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിന് കനത്ത മറുപടി നല്‍കിയ രോഹിത്തിന്‍റെ പ്രകടനത്തെ എല്ലാവരും അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ടീമിന് വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുക, വിജയിക്കാൻ വേണ്ടി കളിക്കുകയും വേണം. കഴിഞ്ഞ ഏകദിന ലോകകപ്പിലെന്ന പോല്‍ അയാള്‍ ആ പ്രക്രിയ ഇവിടെയും നടപ്പിലാക്കി.
ആയാള്‍ക്ക് ഒരു വലിയ സെഞ്ചുറി ലഭിച്ചില്ല, അതുപോലെ മറ്റെന്തെങ്കിലും വ്യക്തിഗ നേട്ടവും. എന്നാല്‍ അയാളുടെ ബാറ്റിങ് ടീമിന് മുതല്‍ക്കൂട്ടായിരുന്നു. ഈ മത്സരം തങ്ങള്‍ക്ക് വിജയിക്കേണ്ടതുണ്ടെന്ന ശക്തമായ സന്ദേശമായിരുന്നുവത്. അതിന് നിങ്ങൾ രോഹിത് ശർമ്മയെ അഭിനന്ദിക്കേണ്ടതുണ്ട്"- സഞ്ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കാണ്‍പൂരില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 233 റണ്‍സായിരുന്നു നേടിയിരുന്നത്. രണ്ടും മൂന്നും ദിനങ്ങള്‍ മഴയെടുത്തതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ച് നാലാം ദിനത്തിലായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. ടി20 ശൈലിയിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ബാറ്റ് വീശിയത്.
11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം 23 റണ്‍സായിരുന്നു രോഹിത് അടിച്ചത്. യശസ്വിയും കട്ടയ്‌ക്ക് നിന്നതോടെ മൂന്ന് ഓവറില്‍ ഇന്ത്യന്‍ ടോട്ടല്‍ 50 കടന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടുന്ന ടീമായി ഇന്ത്യ മാറി.
ALSO READ: 'ഇന്ത്യയ്‌ക്ക് സങ്കടവാര്‍ത്ത'; പാക് നായകസ്ഥാനം വീണ്ടും രാജിവച്ച് ബാബര്‍, ട്രോള്‍മഴ തീര്‍ത്ത് സോഷ്യല്‍ മീഡിയ - Babar Azam quits pak captaincy
രോഹിത് പുറത്തായതിന് ശേഷം തുടര്‍ന്നെത്തിയവരും വെടിക്കെട്ട് നടത്തിയതോടെ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100, 150, 200, 250 റണ്‍സ് തികയ്‌ക്കുന്ന ടീമെന്ന റെക്കോഡും ഇന്ത്യ തൂക്കി. വെറും 34.4 ഓവറില്‍ ഒമ്പത് വിക്കറ്റിന് 285 റണ്‍സ് അടിച്ചാണ് ടീം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്‍റെ വിജയ ലക്ഷ്യം ഏഴ് വിക്കറ്റിന് ടീം മറികടക്കുകയും ചെയ്‌തു.