ഹൈദരാബാദ്: അന്താരാഷ്‌ട്ര ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറിയെന്ന റെക്കോഡ് ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്കിന്‍റെ പേരിലാണുള്ളത്. 1997-ലെ വനിതാ ലോകകപ്പില്‍ മുംബൈയില്‍ ഡെന്മാര്‍ക്കിനെതിരെ 229 റണ്‍സ് നേടിയായിരുന്നു ബെലിന്‍ഡ ക്ലാര്‍ക്ക് (Belinda Clark) റെക്കോഡിട്ടത്. പുരുഷ ക്രിക്കറ്റില്‍ ഒരു താരം 200 റണ്‍സ് എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ പിന്നീട് 13 വര്‍ഷങ്ങളാണ് വേണ്ടി വന്നത്.
2010 ഫെബ്രുവരി 24-ന് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു (Sachin Tendulkar) ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോഡ് അടിച്ചെടുത്തത്. 36-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച സച്ചിന്‍റെ ഈ മിന്നും പ്രകടനത്തിന് ഇന്ന് 14 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.
ഗ്വാളിയാര്‍ സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് (India vs South Africa) എതിരെയായിരുന്നു സച്ചിന്‍റെ ഐതിഹാസിക പ്രകടനം. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങുന്നു. വിരേന്ദർ സെവാഗിനെ തുടക്കത്തില്‍ത്തന്നെ വെയ്ൻ പാർനെൽ വീഴ്ത്തി.
എന്നാല്‍ ആദ്യം ദിനേശ് കാര്‍ത്തികും പിന്നെ എംഎസ് ധോണിയും പിന്തുണ നല്‍കിയതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഒരു അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു മാസ്‌റ്റര്‍ ബ്ലാസ്റ്റര്‍ ചെയ്‌തത്. ആക്രമണാത്മക ക്രിക്കറ്റ് കളിച്ച താരം ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. 37 പന്തിൽ അർധ സെഞ്ചുറി. 90 പന്തുകളില്‍ സെഞ്ചുറി.
പിന്നെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ആകെ 147 പന്തുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് വേണ്ടി വന്നത്. ചാള്‍ ലാങ്‌വെല്‍ഡറ്റിന്‍റെ യോര്‍ക്കറില്‍ സിംഗിള്‍ നേടിക്കൊണ്ട് താരം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ എതിരാളികള്‍ വരെ കയ്യടിച്ച് പോയ നിമിഷമായി അതുമാറി. ആകാശത്ത് നോക്കി ബാറ്റുയര്‍ത്തി സച്ചിന്‍ തന്‍റെ നേട്ടം ആഘോഷിക്കുമ്പോള്‍ കമന്‍ററി ബോക്‌സില്‍ നിന്നും അകമ്പടിയായി രവി ശാസ്‌ത്രി പറഞ്ഞതിങ്ങനെ....
"200 റണ്‍സ് നേടുന്ന ഈ ഗ്രഹത്തിലെ ആദ്യ പുരുഷന്‍. അതു ഇന്ത്യയുടെ സൂപ്പർമാൻ സച്ചിൻ ടെണ്ടുൽക്കറാണ്" ആരാധകരുടെ മുഴുവന്‍ ആവേശവും തന്‍റെ വാക്കുകളില്‍ ആവാഹിക്കുകയായിരുന്നു ശാസ്‌ത്രി. 25 ഫോറുകളും മൂന്നു സിക്‌സറുകളും സഹിതം പുറത്താവാതെ 200 റണ്‍സായിരുന്നു മത്സരത്തില്‍ സച്ചിന്‍റെ സമ്പാദ്യം.
136.05 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ദിനേശ് കാര്‍ത്തിക് 79 റൺസും എംഎസ് ധോണി 68 റൺസും നേടിയതോടെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 401 റണ്‍സായിരുന്നു നീലപ്പട നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എബി ഡിവില്ലിയേഴ്‌സ് മാത്രമാണ് പൊരുതി നോക്കിയത്. ഡിവില്ലിയേഴ്‌സ് 101 പന്തില്‍ 114 റണ്‍സ് നേടിയെങ്കിലും 42.5 ഓവറില്‍ 248 റണ്‍സില്‍ പ്രോട്ടീസ് തീര്‍ന്നു. 153 റണ്‍സിന് ആതിഥേയര്‍ വിജയിച്ച മത്സരത്തിലെ താരമായും സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ALSO READ: 'സൂപ്പര്‍ സജന',അവസാന പന്തില്‍ മലയാളി താരത്തിന്‍റെ 'സിക്‌സര്‍'; വനിത പ്രീമിയര്‍ ലീഗില്‍ ജയിച്ച് തുടങ്ങി മുംബൈ