കേരളം

kerala

ETV Bharat / sports

'കോട്ട' കാക്കാൻ ആര്‍സിബി, ജയം തുടരാൻ പഞ്ചാബ് ; ചിന്നസ്വാമിയില്‍ ഇന്ന് വമ്പന്‍ പോര് - IPL 2024 - IPL 2024

ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആറാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും

ROYAL CHALLENGERS BENGALURU  PUNJAB KINGS  RCB VS PBKS MATCH PREVIEW  VIRAT KOHLI
IPL 2024

By ETV Bharat Kerala Team

Published : Mar 25, 2024, 10:24 AM IST

ബെംഗളൂരു :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (Royal Challengers Bengaluru) പഞ്ചാബ് കിങ്സ് (Punjab Kings) പോരാട്ടം. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്ക് കളി തുടങ്ങും. മത്സരത്തില്‍ ആതിഥേയരായ ബെംഗളൂരു സീസണിലെ ആദ്യ ജയം ലക്ഷ്യമിടുമ്പോള്‍ രണ്ടാം ജയം തേടിയാണ് പഞ്ചാബ് കിങ്‌സിന്‍റെ വരവ്.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. ടോപ് ഓര്‍ഡര്‍ മികവിലേക്ക് ഉയരാതിരുന്ന മത്സരത്തില്‍ മധ്യനിരയില്‍ അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പ്രകടനങ്ങളായിരുന്നു അന്ന് ചെപ്പോക്കില്‍ ആര്‍സിബിയ്‌ക്ക് തുണയായത്. ബൗളര്‍മാര്‍ക്കും ചെന്നൈയ്‌ക്കെതിരെ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.

ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങളിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. ചെന്നൈയ്‌ക്കെതിരെ ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസിന് അതിവേഗം റണ്‍സ് കണ്ടെത്താൻ സാധിച്ചത് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ എന്നിവരും താളം കണ്ടെത്തിയാല്‍ ചിന്നസ്വാമിയില്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം.

മുൻ കാലങ്ങളിലെ പോലെ തന്നെ ബൗളിങ്ങാണ് ഇക്കുറിയും ബെംഗളൂരുവിന് തലവേദന. ചെപ്പോക്കിലെ മായങ്ക് ദാഗറുടെ പ്രകടനം പ്രതീക്ഷകള്‍ നല്‍കുന്നു. മുഹമ്മദ് സിറാജ്, കരണ്‍ ശര്‍മ എന്നിവര്‍ താളം വീണ്ടെടുത്തില്ലെങ്കില്‍ ഹോം ഗ്രൗണ്ടിലും ആര്‍സിബി ബൗളര്‍മാര്‍ക്ക് തല്ലുവാങ്ങി കൂട്ടേണ്ടി വരും.

മറുവശത്ത്, ആദ്യ കളിയില്‍ ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നാല് വിക്കറ്റിനായിരുന്നു പഞ്ചാബ് പരാജയപ്പെടുത്തിയത്. സാം കറൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ മികവിലായിരുന്നു പഞ്ചാബിന്‍റെ ജയം.

ടോപ് ഓര്‍ഡറിലാണ് ടീമിന്‍റെ ആശങ്കയും പ്രതീക്ഷയും. ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം നടത്താൻ ക്യാപ്‌റ്റൻ ശിഖര്‍ ധവാൻ, ജോണി ബെയര്‍സ്റ്റോ എന്നിവര്‍ക്കായിരുന്നില്ല. പ്രഭ്‌സിമ്രാൻ സിങ്ങും മികവിലേക്ക് ഉയര്‍ന്നിരുന്നില്ല.

എന്നാല്‍, ബാറ്റിങ് പറുദീസയായ ചിന്നസ്വാമിയില്‍ ഇവരെല്ലാം താളം കണ്ടെത്തുമെന്നാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. ആര്‍സിബിയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള ജോണി ബെയര്‍സ്റ്റോ താളം കണ്ടെത്തിയാല്‍ വൻ സ്കോറിലേക്ക് എളുപ്പത്തില്‍ എത്താനാകുമെന്നാണ് അവര്‍ കരുതുന്നത്. സാം കറനും ലിയാം ലിവിങ്സ്റ്റണും സ്ഥിരത പുലര്‍ത്തിയാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാകും. ബൗളിങ്ങില്‍ അര്‍ഷ്‌ദീപ് സിങ്, കഗിസോ റബാഡ സഖ്യത്തിലാണ് ടീമിന്‍റെ പ്രതീക്ഷകള്‍.

പിച്ച് റിപ്പോര്‍ട്ട് :ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന വിക്കറ്റാണ് ചിന്നസ്വാമിയിലേത്. ചെറിയ ബൗണ്ടറികള്‍ ആയതുകൊണ്ടുതന്നെ വമ്പൻ സ്കോര്‍ പിറക്കുന്ന മത്സരം തന്നെ ഇവിടെ പ്രതീക്ഷിക്കാം. ഏത് സ്കോറും ഇവിടെ അത്ര സുരക്ഷിതമായിരിക്കില്ല എന്ന അറിവ് ഇരു ടീമുകള്‍ക്കും ഉണ്ടാകും. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 200ന് മുകളില്‍ റണ്‍സ് കണ്ടെത്താനായിരിക്കും ശ്രമിക്കുക.

Also Read :ഇത് നെഹ്‌റയുടെ 'ടൈറ്റൻസ്'; മുംബൈയ്‌ക്കെതിരായ ജയം, ഗുജറാത്ത് പരിശീലകനെ വാഴ്‌ത്തി സോഷ്യല്‍ മീഡിയ - IPL 2024

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റൻ), കാമറൂണ്‍ ഗ്രീൻ, വിരാട് കോലി, രജത് പടിദാര്‍, ഗ്ലെൻ മാക്‌സ്‌വെല്‍, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, റീസ് ടോപ്ലി/അല്‍സാരി ജോസഫ്, കരണ്‍ ശര്‍മ, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

പഞ്ചാബ് കിങ്സ് സാധ്യത ടീം :ശിഖര്‍ ധവാൻ (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, സാം കറൻ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്‌ദീപ് സിങ്.

ABOUT THE AUTHOR

...view details