ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ ( Indian Premier League) ഏറെ ആരാധകരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore ). 2008-ലെ പ്രഥമ സീസണ്‍ മുതല്‍ക്ക് ഐപിഎല്ലിന്‍റെ ഭാഗമായ റോയല്‍ ചലഞ്ചേഴ്‌സിനെ ആര്‍സിബി (RCB) എന്ന ചുരുക്കപ്പേരിലാണ് ആരാധകര്‍ വിളിക്കുന്നത്. 2014-ല്‍ ബാഗ്ലൂര്‍ നഗരത്തിന്‍റെ പേര് ബംഗളൂരു എന്ന് ഔദ്യോഗികമായി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ പേരിലൊരു മാറ്റത്തിന് മുതിര്‍ന്നിരുന്നില്ല.
എന്നാല്‍ ഇത്തവണ 'റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍' എന്ന പേര് 'റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു' എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. ഇതു സംബന്ധിച്ച് ഒരു പ്രൊമോ വീഡോ ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടിയാണ് (Rishab Shetty) വീഡിയോയിലെ പ്രധാന ആകര്‍ഷണം.
റോയല്‍-ചലഞ്ചേഴ്‌സ്-ബാംഗ്ലൂര്‍ എന്നിങ്ങനെ എഴുതിയ തുണികള്‍ പുറത്തിട്ട മൂന്ന് പോത്തുകളുടെ അടുത്തേക്ക് മീശപിരിച്ചുകൊണ്ട് റിഷഭ് ഷെട്ടി നടന്നെത്തും 'ബാംഗ്ലൂര്‍' എന്ന് എഴുതിയിരിക്കുന്ന അവസാന പോത്തിന് അടുത്തെത്തി ഇത് വേണ്ടെന്ന് പറയുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മാര്‍ച്ച് 19-നായിരിക്കും പുതിയ പേര് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഐപിഎല്ലിന്‍റെ കഴിഞ്ഞ 16 പതിപ്പുകളിലും കളിച്ചെങ്കിലും ഒരിക്കല്‍ പോലും കിരീടം ഉയര്‍ത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. പേരുമാറ്റം ഇനി ഭാഗ്യം കൊണ്ടുവരുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്. അതേസമയം ഐപിഎല്ലില്‍ പേരുമാറ്റുന്ന ആദ്യത്തെ ഫ്രാഞ്ചൈസിയല്ല റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.