ന്യൂയോര്‍ക്ക്:ടി20 ലോകകപ്പില്‍ നായകൻ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഇന്ത്യയുടെ ഓപ്പണറായെത്തിയേക്കുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ആയിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. സ്ഥിരം ഓപ്പണറായ യശസ്വി ജയ്‌സ്വാളിന് പകരമായിരുന്നു സഞ്ജു ഓപ്പണറായി ക്രീസിലെത്തിയത്.
സന്നാഹ മത്സരത്തില്‍ ടീം ഇന്ത്യയുടെ ഈ പരീക്ഷണം ലോകകപ്പില്‍ ഓപ്പണിങ് പൊസിഷനിലേക്ക് വിരാട് കോലിയെ ഇറക്കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണാറായി മികച്ച പ്രകടനമാണ് വിരാട് കോലി പുറത്തെടുത്തത്. ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് വിന്നര്‍ കൂടിയായ കോലി 15 മത്സരങ്ങളില്‍ നിന്നായി 741 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണറുടെ റോളില്‍ 61.75 ശരാശരിയില്‍ ബാറ്റ് വീശിയ കോലിയുടെ സ്ട്രൈക്ക് റേറ്റ് 154.69 ആയിരുന്നു.
അതേസമയം, യശസ്വി ജയ്‌സ്വാളിന് ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കണ്ട ജയ്‌സ്വാളിനെ ആയിരുന്നില്ല ഐപിഎല്ലില്‍ കാണാന്‍ കഴിഞ്ഞത്. രാജസ്ഥാൻ റോയല്‍സിനായി സീസണില്‍ എല്ലാ മത്സരവും കളിച്ച താരത്തിന് സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്‌ചവെയ്‌ക്കാൻ സാധിച്ചിരുന്നില്ല. 16 കളിയില്‍ നിന്നും 31.07 ശരാശരിയില്‍ 435 റണ്‍സായിരുന്നു ജയ്സ്വാള്‍ നേടിയത്.