മുംബൈ:ഈ ഐപിഎല്‍ സീസണോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ മുംബൈ ഇന്ത്യൻസ് വിടുമെന്ന് സൂചന. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ രോഹിത് ശര്‍മയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ 36 കാരനായ രോഹിത് ടീം വിടാൻ സാധ്യതയെന്നാണ് മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങളില്‍ ഒരാള്‍ ഒരു ഇന്ത്യൻ ദേശീയ മാധ്യമത്തെ അറിയിച്ചിരിക്കുന്നത്.
ഡെക്കാൻ ചാര്‍ജേഴ്‌സില്‍ നിന്നും 2011ലാണ് രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 9.2 കോടിക്കായിരുന്നു അന്ന് മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി രോഹിതിനെ കൂടാരത്തില്‍ എത്തിച്ചത്. തുടര്‍ന്ന് പിന്നീടുള്ള 13 വര്‍ഷങ്ങളിലായി മുംബൈയ്‌ക്കായി കൂടുതല്‍ മത്സരം കളിക്കുകയും കൂടുതല്‍ റണ്‍സ് നേടുകയും ചെയ്‌ത താരമായി രോഹിത് മാറി.
2013ല്‍ റിക്കി പോണ്ടിങ്ങിനെ മാറ്റി രോഹിത് ശര്‍മയെ മുംബൈയുടെ ക്യാപ്‌റ്റൻസിയും ഏല്‍പ്പിച്ചു. ആ വര്‍ഷമാണ് ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടുന്നത്. പിന്നീട്, മുംബൈ നാല് പ്രാവശ്യം ഐപിഎല്‍ കിരീടം ഉയര്‍ത്തിയതും രോഹിത് ശര്‍മയ്‌ക്ക് കീഴിലായിരുന്നു.
ഐപിഎല്‍ 17-ാം പതിപ്പിന് മുന്നോടിയായിട്ടായിരുന്നു രോഹിതിനെ നായകസ്ഥാനത്ത് നിന്നും നീക്കി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്ന ഹാര്‍ദിക്കിനെ പ്ലെയര്‍ ട്രേഡിങ്ങിലൂടെയായിരുന്നു മുംബൈ കൂടാരത്തിലേക്ക് എത്തിച്ചത്.