രാജ്‌കോട്ട്: 33 റൺസിന് മൂന്ന് വിക്കറ്റുകൾ നഷ്‌ടമാകുമ്പോൾ ഇന്ത്യൻ നായകൻ രോഹിത്തിന്‍റെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍റെ തീരുമാനത്തോട് ഒരംശം പോലും നീതി പുലർത്താതെയാണ് ഇന്ത്യയുടെ യുവനിര (ജയ്‌സ്വാൾ, ഗില്‍, പടിദാർ) കൂടാരം കയറിയത്.
പക്ഷേ പരിചയ സമ്പന്നനായ രവിന്ദ്ര ജഡേജ എത്തിയപ്പോൾ നായകൻ പൊരുതി നില്‍ക്കാൻ തന്നെ തീരുമാനിച്ചിട്ടുണ്ടാകണം. ഒടുവില്‍ രാജ്കോട്ടിലെ ആദ്യ ദിനം സെഞ്ച്വറിയുമായി രോഹിത് ശർമ കളം നിറഞ്ഞപ്പോൾ ഇംഗ്ലീഷ് ബൗളർമാർ വിയർത്തു. കൂട്ടായി രവി ജഡേജയും ഒപ്പം പിടിച്ചപ്പോൾ ഇന്ത്യൻ സ്കോർ 200 കടന്നു.
ഇന്ത്യൻ നായകന്‍റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാജ്കോട്ടില്‍ പിറന്നത്. ജഡേജയ്ക്കൊപ്പം നാലാം വിക്കറ്റില്‍ 150 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് രോഹിത് ഇന്ത്യൻ ഇന്നിംഗ്‌സിനെ പിടിച്ചു നിർത്തിയത്. 171 പന്തില്‍ 110 റൺസെടുത്ത രോഹിത് 12 ഫോറും രണ്ട് സിക്‌സും അകമ്പടിയാക്കി.
ഇന്നത്തെ രണ്ട് സിക്‌സുകളോടെ രോഹിത്തിന് ടെസ്റ്റില്‍ 79 സിക്‌സുകളായി. ഇക്കാര്യത്തില്‍ രോഹിത് ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയെ മറികടന്നു. 91 സിക്‌സുകൾ നേടിയ വിരേന്ദർ സെവാഗാണ് രോഹിതിന് മുന്നിലുള്ളത്. 138 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 70 റൺസുമായി രവി ജഡേജയാണ് നായകന് കൂട്ടായി ക്രീസിലുള്ളത്.
അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് പ്രതീക്ഷിച്ച തുടക്കമല്ല മത്സരത്തില്‍ ലഭിച്ചത്. ഒന്നാം ഇന്നിങ്‌സിന്‍റെ നാലാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി പത്ത് പന്തില്‍ പത്ത് റണ്‍സ് നേടിയ ജയ്‌സ്വാളിനെ മാര്‍ക്ക് വുഡാണ് വീഴ്‌ത്തിയത്.
പിന്നാലെ ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ റണ്‍സൊന്നും നേടാതെ മടങ്ങി. മാര്‍ക്ക് വുഡായിരുന്നു ഗില്ലിന്‍റെ വിക്കറ്റും നേടിയത്. 9-ാം ഓവറില്‍ രജത് പടിദാറിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 15 പന്തില്‍ 5 റണ്‍സായിരുന്നു പടിദാറിന്‍റെ സമ്പാദ്യം. 33 റണ്‍സ് മാത്രമായിരുന്നു ആദ്യ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നായിരുന്നു രോഹിത് ജഡേജ സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം.