ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയ്‌ക്ക് ഇന്ന് 37-ാം പിറന്നാള്‍. മികച്ച ബാറ്ററും സമർത്ഥനായ ക്യാപ്റ്റനുമായ രോഹിത് തന്‍റെ തലമുറയിലെ ഏറ്റവും മികച്ചവരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ് രോഹിത് തന്നെ ഏറെ അടയാളപ്പെടുത്തിയിട്ടുള്ളത്.
ഒരു ഓഫ് സ്‌പിന്നറായി 2007-ലാണ് രോഹിത് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്. ആദ്യ കാലത്ത് തന്‍റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താന്‍ താരത്തിന് കഴിയാത്തതിനെ തുടര്‍ന്ന് കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. 2007-ല്‍ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ രോഹിത് അംഗമായിരുന്നു.
അന്ന് ഇന്ത്യയുടെ ആ കിരീട നേട്ടത്തില്‍ ബാറ്റിങ്ങില്‍ ചില മിന്നലാട്ടങ്ങള്‍ രോഹിത്തില്‍ നിന്നുണ്ടായി. ബദ്ധവൈരികളായ പാകിസ്ഥാനെതിരായ ഫൈനലിൽ 16 പന്തിൽ പുറത്താകാതെ നേടിയ 30 റൺസും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അതിന് മുമ്പടിച്ച ഫിഫ്റ്റിയും കൊണ്ടായിരുന്നു വിശ്വവേദിയില്‍ രോഹിത് തന്‍റെ വരവറിയിച്ചത്. എന്നാല്‍, പിന്നീട് കാര്യമായ പ്രകടനങ്ങളൊന്നും തന്നെ താരത്തില്‍ നിന്നുണ്ടായില്ല.
ഇതോടെ 2011-ലെ ഏകദിന ലോകകപ്പുള്‍പ്പെടെ താരത്തിന് നഷ്‌ടമായി. ലോകകപ്പില്‍ സ്ഥാനം ലഭിക്കാതിരുന്നത് തന്നെ വിഷാദത്തിലേക്ക് എത്തിച്ചതായി രോഹിത് പിന്നീട് വെളിപ്പിടുത്തിയിരുന്നു. ഇവിടെ നിന്നായിരുന്നു ക്രിക്കറ്റിന്‍റെ നെറുകിലേക്ക് ഹിറ്റ്‌മാന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. 2013 ആണ് രോഹിത്തിന്‍റെ കരിയറില്‍ ഏറെ വഴിത്തിരിവായ വര്‍ഷം.
A look at Rohit Sharma s career as he turns 37 ആ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് താരം ഇന്ത്യയുടെ ഓപ്പണറായെത്തുന്നത്. പിന്നീട് ക്രിക്കറ്റ് ലോകം കാണുന്നത് പുതിയൊരു രോഹിത്തിനെയാണ്. ബൗണ്‍സര്‍ എറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന എതിരാളികള്‍ക്ക് പുള്‍ഷോട്ടിലൂടെ രോഹിത് മറുപടി നല്‍കി. ഇതേ വര്‍ഷം തന്നെയായിരുന്നു ഏകദിന ക്രിക്കറ്റിലെ തന്‍റെ ആദ്യ ഇരട്ട സെഞ്ചുറി രോഹിത് അടിച്ചെടുക്കുന്നത്. അതും കരുത്തരായ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ.
പിന്നീട് രണ്ട് തവണ കൂടി ഹിറ്റ്‌മാന്‍ ഇരട്ട സെഞ്ചുറി പ്രകടനം ആവര്‍ത്തിച്ചു. 2014-ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു രോഹിത്തിന്‍റെ രണ്ടാം ഡബിള്‍. അന്ന് 173 പന്തുകളില്‍ രോഹിത് നേടിയ 264 റണ്‍സ് ഏകദിന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. പിന്നീട് 2017-ല്‍ മൊഹാലിയില്‍ വീണ്ടും ശ്രീലങ്കയ്‌ക്കെതിരെ താരത്തിന്‍റെ ബാറ്റില്‍ നിന്നും മൂന്നാം ഡബിള്‍ പിറന്നു.
ALSO READ:സഞ്‌ജുവും പന്തും ടീമില്‍, ഗില്ലും രാഹുലും പുറത്ത്; ഇന്ത്യന്‍ ടീം തിരഞ്ഞെടുത്ത് വിന്‍ഡീസ് ഇതിഹാസം - Brian Lara Picks India Squad
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്‌സറുകള്‍ നേടിയ താരമെന്നതടക്കം നിരവധി റെക്കോഡുകള്‍ രോഹിത്തിന്‍റെ പേരിലുണ്ട്. ക്രീസിലുറച്ചാല്‍ ഏത് കൊലകൊമ്പന്‍ ബോളറെയും നിലംപരിശാക്കാനുള്ള ശേഷി 37 വയസിന്‍റെ ചെറുപ്പത്തിലും രോഹിത്തിനുണ്ട്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകനാണ് രോഹിത്. ഇന്ത്യന്‍ ടീമിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലിലേക്കും നയിച്ചു.