ധര്‍മ്മശാല:സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) പകരക്കാരനായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് രജത് പടിദാറിന് (Rajat Patidar) വിളിയെത്തുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കെഎല്‍ രാഹുലിന് (KL Rahul) പരിക്കേല്‍ക്കുക കൂടി ചെയ്തതോടെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരം ലഭിച്ചു. എന്നാല്‍ ഇതു മുതലാക്കാന്‍ രജതിന് കഴിഞ്ഞിരുന്നില്ല.
മൂന്ന് മത്സരങ്ങളില്‍ നിന്നും 10.5 ശരാശരിയല്‍ ആകെ 63 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് 30-കാരന് നേരെ ഉയര്‍ന്നത്. എന്നാല്‍ രജതിനെ അകമഴിഞ്ഞ് പിന്തുണച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). മൂന്ന് ടെസ്റ്റുകള്‍ കൊണ്ടുമാത്രം താരത്തെ വിലയിരുത്താന്‍ കഴിയില്ലെന്നാണ് രോഹിത് പറയുന്നത്.
ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ''രജത് പടിദാര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കമാണ്. മികച്ച കഴിവുള്ള താരം തന്നെയാണ് അവന്. ഒരു പ്രതിഭയായി തന്നെയാണ് ഞാന്‍ അവനെ കാണുന്നത്. അവന് നമുക്ക് കുറച്ച് സമയം കൂടി നല്‍കേണ്ടതുണ്ട്"- രോഹിത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ഇതേവരെ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് രജത് പടിദാര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 ഇന്നിങ്സുകളില്‍ നിന്നും 43.68 ശരാശരിയില്‍ 4063 റണ്‍സാണ് രജത് നേടിയിട്ടുള്ളത്. 12 സെഞ്ചുറികളും 30-കാരന്റെ അക്കൗണ്ടിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 32, 9, 5, 0, 17, 0 എന്നിങ്ങനെയാണ് കഴിഞ്ഞ ആറ് ഇന്നിങ്സുകളില്‍ താരം നേടിയിട്ടുള്ളത്.