കേരളം

kerala

ETV Bharat / sports

'ക്യാപ്റ്റനായും ബാറ്ററായും രോഹിത് പരാജയം, ഹാര്‍ദിക് മുംബൈയുടെ കണ്ടെത്തൽ' - Robin Uthappa on MI Captaincy - ROBIN UTHAPPA ON MI CAPTAINCY

മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനെന്ന നിലയിലും ഒരു ബാറ്ററായും കഴിഞ്ഞ മൂന്ന് സീസണുകളില്‍ രോഹിത് ശര്‍മയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ.

HARDIK PANDYA  IPL 2024  ROHIT SHARMA  മുംബൈ ഇന്ത്യന്‍സ്
Robin Uthappa opines why Mumbai Indians sacked Rohit Sharma and made Hardik Pandya the captain

By ETV Bharat Kerala Team

Published : Apr 20, 2024, 6:50 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്‍റെ നായക സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റിയതിലുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹാര്‍ദിക്കിന് നേരെയുള്ള ആരാധക പ്രതിഷേധം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോഴിതാ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ.

മുംബൈയുടെ ക്യാപ്റ്റനായും കളിക്കാരനെന്ന നിലയിലും കഴിഞ്ഞ മൂന്ന് സീസണുകളില്‍ രോഹിത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ഉത്തപ്പ ചൂണ്ടിക്കാട്ടുന്നത്. "ഒരു ബാറ്ററെന്ന നിലയില്‍ രോഹിത്തിന്‍റെ കഴിവിനെയും മഹത്വത്തെയും ഞാന്‍ ചോദ്യം ചെയ്യില്ല. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയുടെ വീക്ഷണ കോണില്‍ നോക്കുകയാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും കഴിഞ്ഞ മൂന്ന് സീസണിലും അദ്ദേഹത്തിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.

2020-ലാണ് മുംബൈ ഇന്ത്യന്‍സ് അവസാനമായി ചാമ്പ്യന്മാരായത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം അവര്‍ക്ക് കിരീടങ്ങളില്ല. ഇക്കാലയളവില്‍ 400-ന് അപ്പുറത്തേക്ക് റണ്‍സ് നേടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്‍റെ അര്‍ഥം ക്യാപ്റ്റനെന്ന നിലയിലും ബാറ്ററായും രോഹിത്തിന് വിജയങ്ങളില്ല എന്നുതന്നെയാണ്. ഐപിഎല്ലില്‍ ഒഴികെ മറ്റെല്ലായിടത്തും അദ്ദേഹം റൺസ് നേടിയിട്ടുണ്ട്" റോബിന്‍ ഉത്തപ്പ പറഞ്ഞു.

2013- സീസണിന്‍റെ ഇടയ്‌ക്കാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിക്കി പോണ്ടിങ്ങിനെ മാറ്റിയ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റ് രോഹിത്തിന് ചുമതല നല്‍കിയത്. അന്ന് ടീമിലെ സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിങ്ങും പോണ്ടിങ്ങും രോഹിത്തിനെ പിന്തുണച്ചിരുന്നുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

"ക്യാപ്റ്റനായും കളിക്കാരനായും മൂന്ന് സീസണുകളില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്ത ഒരാളെ മാറ്റുക എന്നത് ഏതൊരു ഫ്രാഞ്ചൈസിയും എടുക്കുന്ന തീരുമാനമായിരിക്കും. മുംബൈ ഇന്ത്യൻസിന്‍റെ കണ്ടെത്തലാണ് ഹാർദിക് പാണ്ഡ്യ. 2013- സീസണിന്‍റെ ഇടയ്‌ക്കായിരുന്നു റിക്കി പോണ്ടിങ്ങിനെ മാറ്റി രോഹിത് ശർമയ്‌ക്ക് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍റെ ചുമതല നല്‍കിയത്.

ALSO READ: ഹാർദികിനെതിരായ വിമര്‍ശന പോസ്റ്റ് പങ്കുവച്ച് മുംബൈ ഇന്ത്യൻസിന്‍റെ വിദേശ താരം - Mohammad Nabi Hardik Pandya

ആ ഫ്രാഞ്ചൈസി തന്നെയാണിത്. രോഹിത് ക്യാപ്റ്റനായപ്പോൾ സീനിയർ താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങ്ങും ഹര്‍ഭജന്‍ സിങ്ങും അദ്ദേഹത്തെ സ്വീകരിച്ചു"- റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. രോഹിത്തിനെ ആരാധകര്‍ ഇത്തരത്തില്‍ പിന്തുണയ്‌ക്കുന്നതിന് കാരണം ഏകദിന ലോകകപ്പിന്‍റെ ഫൈനലിലേക്ക് ഇന്ത്യയെ നയിക്കാന്‍ താരത്തിന് കഴിഞ്ഞതാണെന്നും ഉത്തപ്പ പറഞ്ഞു.

ABOUT THE AUTHOR

...view details