ബെംഗളൂരു :രവീന്ദ്ര ജഡേജ- റിവാബ ( Rivaba Jadeja) വിവാഹത്തിന് പിന്നാലെ തങ്ങളുടെ കുടുംബം തകര്‍ന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിൻഹ (Anirudhsinh Jadeja) മകനും മരുമകള്‍ക്കുമെതിരെ രംഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രസ്‌തുത വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ.
അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അർഥശൂന്യവും അസത്യവുമാണെന്നാണ് 35-കാരന്‍ പറയുന്നത്. ഇതുസംബന്ധിച്ച് തന്‍റെ എക്‌സ് അക്കൗണ്ടില്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നതിങ്ങനെ.....
"ആ അസംബന്ധ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അർത്ഥശൂന്യവും അസത്യവുമാണ്. ഏകപക്ഷീയമായി അതില്‍ പറഞ്ഞ കാര്യങ്ങളൊക്കെയും ഞാന്‍ നിഷേധിക്കുന്നു. എന്‍റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ തീർച്ചയായും അപലപനീയവും നീചവുമാണ്.
എനിക്കും ഒരുപാട് കാര്യങ്ങള്‍ പറായാനുണ്ട്. എന്നാല്‍ അവയൊക്കെ പരസ്യമായി പറയാതിരിക്കുന്നതാണ് നല്ലത്"- ജഡേജ തന്‍റെ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. 'സ്‌ക്രിപ്റ്റഡ് ഇന്‍റര്‍വ്യൂകളിൽ പറയുന്നത് അവഗണിക്കാം' എന്നും ഇതോടൊപ്പം താരം എഴുതിയിട്ടുണ്ട്.
ജഡേജയ്‌ക്കും റിവാബയ്‌ക്കും എതിരെ അനിരുദ്ധ്‌സിൻഹ പറഞ്ഞതിങ്ങനെ. "സത്യം പറഞ്ഞാല്‍ രവീന്ദ്ര ജഡേജയും ഭാര്യയായ റിബാവയും തമ്മില്‍ എനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ അവരെയോ അവര്‍ ഞങ്ങളെയോ വിളിക്കാറില്ല. അവരുടെ വിവാഹത്തിന് ശേഷം രണ്ടോ-മൂന്നോ മാസങ്ങൾക്ക് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജാംനഗറില്‍ തനിച്ചാണ് ഞാനിപ്പോള്‍ താമസിക്കുന്നത്.