ന്യൂഡല്‍ഹി :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി (Delhi Capitals) റിഷഭ് പന്ത് (Rishabh Pant) ഇറങ്ങും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും താരത്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചതായി ബിസിസിഐ (BCCI) ഔദ്യോഗികമായി അറിയിച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ഐപിഎല്ലിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയാണ് പന്തിന് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെങ്കിലും താരത്തിന് വിക്കറ്റ് കീപ്പറാവാന്‍ കഴിയുമോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള വ്യക്തമായ ഉത്തരമാണ് ബിസിസിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഷമിയും പ്രസിദ്ധും പുറത്ത് :മുഹമ്മദ് ഷമിയ്‌ക്ക് (Mohammed Shami) പുറമെ പ്രസിദ്ധ് കൃഷ്‌ണയും (Prasidh Krishna) ഐപിഎല്ലിന്‍റെ 17-ാം പതിപ്പിലുണ്ടാവില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ ഇരുവരും നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഐപിഎല്ലില്‍ ഇറങ്ങാന്‍ കഴിയാതെ വരുന്നതോടെ തൊട്ടുപിന്നാലെ നടക്കുന്ന ടി20 ലോകകപ്പിൽ (T20 World Cup 2024) ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനുള്ള അവരുടെ സാധ്യതകൾക്ക് വലിയ തിരിച്ചടി സംഭവിച്ചേക്കാം.
പന്തിന്‍റെ വരവ് ഡല്‍ഹിക്ക് ആശ്വാസം:2022 ഡിസംബര്‍ അവസാനത്തിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 14 മാസങ്ങളായി ക്രിക്കറ്റിന് പുറത്തായിരുന്നു പന്തുണ്ടായിരുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ് ആരംഭിച്ചതായി കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ് (Ricky Ponting) അറിയിച്ചിരുന്നു. ഐസിസി റിവ്യൂവിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ പോണ്ടിങ് ഇക്കാര്യം അറിയിച്ചത്.