കൊല്‍ക്കത്ത:ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡൻ ഗാര്‍ഡൻസിലാണ് മത്സരം നടക്കുന്നത്. സീസണിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്നത്.
നേരത്തെ തമ്മില്‍ പോരടിച്ചപ്പോള്‍ ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞിരുന്നു. ചിന്നസ്വാമിയില്‍ വിരാട് കോലി 59 പന്തില്‍ പുറത്താവാതെ 83 റണ്‍സടിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു കൊല്‍ക്കത്ത വിജയം പിടിച്ചത്. മത്സര ശേഷം തന്‍റെ ബാറ്റ് കൊല്‍ക്കത്ത ഫിനിഷര്‍ റിങ്കു സിങ്ങിന് കോലി സമ്മാനിക്കുകയും ചെയ്‌തിരുന്നു.
ഇന്നത്തെ ഏറ്റുമുട്ടലിന് മുന്നോടിയായി വീണ്ടും കണ്ടപ്പോള്‍ ആ ബാറ്റ് തകര്‍ന്നുവെന്ന വിവരമായിരുന്നു റിങ്കുവിന് കോലിയോട് പറയാനുണ്ടായിരുന്നത്. വീണ്ടുമൊരു ബാറ്റു ചോദിച്ചപ്പോള്‍ തരാനാവില്ലെന്നായിരുന്നു അല്‍പം നീരസത്തോടെ കോലിയുടെ മറുപടി. രണ്ട് മത്സരങ്ങളിൽ രണ്ട് ബാറ്റ് നല്‍കിയാല്‍ പിന്നീട് താന്‍ കുഴപ്പത്തിലാകുമെന്നും റിങ്കുവിനോട് കോലി പറയുന്നുണ്ട്.
ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്‍റെ വീഡിയോ കൊല്‍ക്കത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇനി ബാറ്റ് തകര്‍ക്കില്ലെന്നും സത്യം ചെയ്യാമെന്നും പൊട്ടിയ ബാറ്റ് കാണിച്ചുതരാമെന്നും റിങ്കു പറയുന്നുണ്ടെങ്കിലും നടന്നകലുന്ന കോലിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സംഭവം സ്‌ക്രിപ്‌റ്റഡ് ആണോ അല്ലയോ എന്നത് വ്യക്തമല്ല. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.