ന്യൂഡല്‍ഹി:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (IPL 2024) മുന്നോടിയായി റിഷഭ് പന്തിന്‍റെ (Rishabh Pant) ഫിറ്റ്നസിനെക്കുറിച്ചുമുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുമായി ഡൽഹി ക്യാപിറ്റൽസ് (Delhi Capitals) കോച്ച് റിക്കി പോണ്ടിങ് (Ricky Ponting). ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ് ആരംഭിച്ചതായി പോണ്ടിങ് പറഞ്ഞു. ഐസിസി റിവ്യൂവിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ പോണ്ടിങ്ങിന്‍റെ വാക്കുകള്‍.
ഐപിഎല്‍ 2024-ല്‍ പന്തിന് പൂര്‍ണമായും കളിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "ഐപിഎല്ലില്‍ പൂര്‍ണ്ണമായും പന്തിനെ കളിപ്പിക്കാന്‍ കഴിയുമോയെന്ന വലിയ തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടതുണ്ട്. ഫിറ്റാണെങ്കില്‍ അവന്‍ ക്യാപ്റ്റനായി തന്നെ ഡല്‍ഹി സ്‌ക്വാഡിലേക്ക് മടങ്ങിയെത്തുമെന്നാണ് നിങ്ങള്‍ ചിന്തിക്കുക.
പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ അവനെ അല്‍പം വ്യത്യസ്തമായ റോളിൽ ഉപയോഗിക്കേണ്ടി വന്നാൽ, ഞങ്ങൾക്ക് അവിടെയും ചില തീരുമാനങ്ങൾ എടുക്കാനുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചകളായി അവന്‍ ചില പരിശീലന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങളെ ഏറെ പ്രചോദിപ്പിക്കുന്ന കാര്യമാണത്.
ഈ നിലയിലേക്ക് എത്താന്‍ അവന്‍ തന്‍റെ ശരീരത്തിലും ഫിറ്റ്‌നസിലും അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. കളിച്ച ഒരു മത്സരത്തില്‍ അവന്‍ വിക്കറ്റ് കീപ്പറായിരുന്നു. ഫീല്‍ഡും ചെയ്‌തിട്ടുണ്ട്. ബാറ്റ് ചെയ്യുക എന്നത് ഇതുവരെ അവനെ സംബന്ധിച്ച് ഒരു പ്രശ്നമായിരുന്നില്ല.
സത്യം പറഞ്ഞാല്‍, ഈ വർഷം ഐപിഎല്‍ കളിക്കുന്നതിനായി കൃത്യസമയത്ത് തന്നെ പന്ത് എത്തിയില്ലേയെന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. അവനില്ലാതിരുന്നത് കഴിഞ്ഞ വര്‍ഷം ഞങ്ങളെ സംബന്ധിച്ച് കനത്ത നഷ്‌ടം തന്നെയായിരുന്നു. അവന്‍ ഒരുപാട് കഷ്‌ടതകള്‍ സഹിച്ചാണ് തിരികെ എത്തുന്നത്. അതു വിവരിക്കാന്‍ പോലും എനിക്ക് കഴിയില്ല"- പോണ്ടിങ് വ്യക്തമാക്കി.
അതേസമയം പോണ്ടിങ്ങിനെ കൂടാതെ ഡല്‍ഹിയുടെ ഡയറക്‌ടര്‍ സൗരവ് ഗാംഗുലിയും (Sourav Ganguly) പന്ത് ഐപിഎല്ലില്‍ കളിക്കുമെന്ന് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലേക്കുള്ള 25-കാരന്‍റെ തിരിച്ചുവരവ് വൈകുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പന്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കാത്തതാണ് ഇതിന് കാണമെന്നായിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ALSO READ:'ഉന്നാല്‍ മുടിയാത് ഓസീസ്'...ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാമത് ഇന്ത്യ തന്നെ
എന്നാല്‍ ഇതിനകം തന്നെ പന്തിന് ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. പന്തിന്‍റെ തിരിച്ചുവരവിനായി കാത്തിരുന്ന ഓരോ ആരാധകര്‍ക്കും വലിയ സന്തോഷം പകരുന്ന വാര്‍ത്തയായിരുന്നുവിത്. മാര്‍ച്ച് 22-നാണ് ഐപിഎല്ലിന്‍റെ പുതിയ സീസണിന് തുടക്കമാവുന്നത്. 23-ന് പഞ്ചാബ് കിങ്‌സിന് എതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സീസണല്‍ തങ്ങളുടെ ആദ്യ മത്സരം കളിക്കുക.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാർണറായിരുന്നു ടീമിനെ നയിച്ചത്. ദയനീയ പ്രകടനം പുറത്തെടുത്ത ടീമിന് ഒമ്പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. കളിച്ച 14 മത്സരങ്ങളില്‍ നിന്നും വെറും അഞ്ച് വിജയം മാത്രമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന് ഉണ്ടായിരുന്നത്.