ബെംഗളൂരു : ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇറങ്ങുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടാനായ ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനക്കാരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയാണ് ആര്‍സിബി ഇന്ന് സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്. പ്രധാന താരങ്ങള്‍ മികവിലേക്ക് ഉയരാത്തതാണ് ബെംഗളൂരുവിന്‍റെ ആശങ്ക.
ടോപ് ഓര്‍ഡറില്‍ വിരാട് കോലി ഒഴികെ മറ്റാര്‍ക്കും ആര്‍സിബി നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെല്‍, രജത് പടിദാര്‍ എന്നിവര്‍ പഴയ ഫോമിന്‍റെ നിഴലില്‍. മൂന്നാം നമ്പറില്‍ കാമറൂണ്‍ ഗ്രീനും ക്ലിക്കായിട്ടില്ല.
അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ മിന്നലാട്ടങ്ങള്‍ ടീമിന് ആശ്വാസമാണ്. നാലാം വിദേശതാരമായി പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കുന്ന അല്‍സാരി ജോസഫ് അടിവാങ്ങി കൂട്ടുന്നത് ടീമിന് ആശങ്കയാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 12ന് അടുത്താണ് താരത്തിന്‍റെ ഇക്കോണമി റേറ്റ്. ഈ സാഹചര്യത്തില്‍ അല്‍സാരിക്ക് പകരം ലോക്കി ഫെര്‍ഗൂസണെയോ റീസ് ടോപ്ലിയേയൊ ആര്‍സിബി പരിഗണിച്ചേക്കാം. ബൗളര്‍മാരും മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ആകാശ് ദീപിനും ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതയുണ്ട്.
മറുവശത്ത്, ലഖ്‌നൗ നിരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം പേസ് സെൻസേഷൻ മായങ്ക് യാദവാണ്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പൻ പ്രകടനം നടത്തിയ താരം ആര്‍സിബിയുടെ വമ്പൻ താരങ്ങള്‍ക്കെതിരെ എങ്ങനെ പന്തെറിയുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ് എന്നിവരുടെ പ്രകടനങ്ങളും ചിന്നസ്വാമില്‍ സൂപ്പര്‍ ജയന്‍റ്‌സിന് നിര്‍ണായകമാകും.
കെഎല്‍ രാഹുലിന്‍റെ സേവനം എല്‍എസ്‌ജി എങ്ങനെ ഉപയോഗിക്കുമെന്ന് കണ്ടറിയേണ്ടതാണ്. വര്‍ക്ക് ലോഡ് കുറയ്‌ക്കാൻ കഴിഞ്ഞ മത്സരത്തില്‍ രാഹുലിനെ ബാറ്ററായിട്ട് മാത്രമായിരുന്നു കളിപ്പിച്ചത്. രാഹുല്‍ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ വിക്കറ്റ് കീപ്പിങ്ങും താരം തന്നെ ചെയ്യാനാണ് സാധ്യത.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം :ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, കാമറൂണ്‍ ഗ്രീൻ, രജത് പടിദാര്‍/മഹിപാല്‍ ലോംറോര്‍, ഗ്ലെൻ മാക്‌സ്‌വെല്‍, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, മായങ്ക് ദാഗര്‍, വൈശാഖ് വിജയ കുമാര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസൺ/ റീസ് ടോപ്ലി.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം :കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, നിക്കോളസ് പുരാൻ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബഡോണി/ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, മായങ്ക് യാദവ്, എം സിദ്ധാര്‍ഥ്, നവീൻ ഉല്‍ ഹഖ്.
Also Read :ധോണിക്ക് പരിക്ക് ? ; ആരാധകരുടെ നെഞ്ചിടിപ്പേറ്റി ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വീഡിയോ - MS DHONI KNEE INJURY