ധരംശാല: ഐപിഎല്‍ പതിനേഴാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് പ്ലേ ഓഫില്‍ ഇടം കണ്ടെത്താനുള്ള നേരിയ സാധ്യതകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ധരംശാലയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു വിരാട് കോലി (92), രജത് പടിദാര്‍ (55), കാമറൂണ്‍ ഗ്രീൻ (46) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചെങ്കിലും പഞ്ചാബിന്‍റെ പോരാട്ടം 17 ഓവറില്‍ 181 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് നേടി. തോല്‍വിയോടെ പഞ്ചാബ് പ്ലേഓഫ് കാണാതെ ഐപിഎല്ലില്‍ നിന്നും പുറത്തായിട്ടുണ്ട്.
242 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങ്‌സിനായി റിലീ റൂസോ (27 പന്തില്‍ 61) മാത്രമാണ് തിളങ്ങിയത്. ശശാങ്ക് സിങ് (37), ജോണി ബെയര്‍സ്റ്റോ (27), സാം കറൻ (22) എന്നിവരായിരുന്നു പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. പ്രഭ്‌സിമ്രാൻ സിങ് (6), ജിതേഷ് ശര്‍മ (5), ലിയാം ലിവിങ്‌സ്റ്റണ്‍ (0), അഷുതോഷ് ശര്‍മ (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷ്‌ദീപ് സിങ് (4), രാഹുല്‍ ചാഹര്‍ (5*) എന്നിങ്ങനെയായിരുന്നു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്കോര്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയ്‌ക്ക് അത്ര ഗംഭീര തുടക്കമൊന്നുമായിരുന്നില്ല ലഭിച്ചത്. ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസിനെയും (9), വില്‍ ജാക്‌സിനെയും (12) പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ ബെംഗളൂരുവിന് നഷ്‌ടപ്പെട്ടു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി - രജത് പടിദാര്‍ സഖ്യമാണ് തകര്‍ച്ചയിലേക്ക് വീഴാതെ ആര്‍സിബിയെ രക്ഷപ്പെടുത്തിയത്.