ഹൈദരാബാദ്:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട് (Ravindra Jadeja Unlikely To Play 2nd Test Against England). ഹൈദരാബാദില്‍ ഇന്നലെ അവസാനിച്ച ആദ്യ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന് ഹാംസ്‌ട്രിങ് ഇഞ്ചുറി പറ്റിയെന്നാണ് റിപ്പോര്‍ട്ട് (Ravindra Jadeja Injury). ഈ സാഹചര്യത്തില്‍ ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന (India vs England 2nd Test).
ഹൈദരാബാദിലെ മത്സരം പൂര്‍ത്തിയായതിന് പിന്നാലെ തന്നെ രവീന്ദ്ര ജഡേജ സ്കാനിങ്ങിന് വിധേയനായിരുന്നു. കൂടുതല്‍ വിദഗ്‌ധ ഉപദേശം ഉറപ്പിക്കുന്നതിനായി സ്‌കാനിങ് റിപ്പോര്‍ട്ട് മുംബൈയിലേക്ക് അയച്ചിരിക്കുകയാണ്. ഇന്ന് (ജനുവരി 29) വൈകുന്നേരത്തോടെ മാത്രമായിരിക്കും താരത്തിന് അടുത്ത മത്സരത്തില്‍ ഇറങ്ങാന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക.
ഇന്നലെ, മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ടിന്‍റെ ഓവറില്‍ റണ്‍സിനായി ഓടുന്നതിനിടെ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ ഡയറക്‌ട് ത്രോയിലാണ് ജഡേജ പുറത്തായത്. രണ്ട് റണ്‍സ് മാത്രമായിരുന്നു ജഡേജയുടെ സമ്പാദ്യം. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 87 റണ്‍സ് നേടി ടീമിന്‍റെ ടോപ് സ്കോറര്‍ ആയതും ജഡേജയായിരുന്നു.