മുംബൈ: രഞ്‌ജി ട്രോഫി (Ranji Trophy) ക്രിക്കറ്റ് ഫൈനലിന്‍റെ ആവേശം അവസാന ദിനത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിന് ശേഷം മുംബൈ ഉയര്‍ത്തിയ 538 റണ്‍സിന്‍റെ ലക്ഷ്യത്തിന് മുന്നില്‍ എളുപ്പം കീഴടങ്ങാന്‍ തയ്യാറാവാതെ പൊരുതി നില്‍ക്കുകയാണ് വിദര്‍ഭ (Mumbai vs Vidarbha). നാലാം ദിന മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 248 റണ്‍സാണ് വിദര്‍ഭ നേടിയിട്ടുള്ളത്.
56 റണ്‍സുമായി അക്ഷയ് വാഡ്കറും 11 റണ്‍സോടെ ഹര്‍ഷ് ദുബെയുമാണ് പുറത്താവാതെ നില്‍ക്കുന്നത്. മത്സരത്തിന്‍റെ അവസാന ദിനമായ നാളെ വിജയത്തിനായി 90 ഓവറില്‍ 290 റണ്‍സാണ് ഇനി ടീമിന് വേണ്ടത്. മുംബൈക്കാവാട്ടെ അഞ്ച് വിക്കറ്റുകളും. (Ranji Trophy final Mumbai vs Vidarbha day 4 highlights)
അര്‍ധ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരാണ് (Karun Nair ) വിദര്‍ഭക്കായി കാര്യമായ ചെറുത്ത് നില്‍പ്പ് നടത്തിയത്. 220 പന്തുകളില്‍ മൂന്ന് ബൗണ്ടറികളോടെ 74 റണ്‍സെടുത്താണ് താരം വീണത്. ക്യാപ്റ്റന്‍ അക്ഷയ് വാഡ്‌കര്‍ കട്ട പിന്തുണ നല്‍കി. വിക്കറ്റ് നഷ്‌ടമില്ലാതെ 10 റണ്‍സ് എന്ന നിലയിലായിരുന്നു വിദര്‍ഭ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്.
54 റണ്‍സ് കൂടി ചേര്‍ത്തതിന് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് വിദര്‍ഭ ഓപ്പണര്‍മാരായ അഥര്‍വ ടൈഡെ- ധ്രുവ് ഷൊറേ സഖ്യത്തെ പിരിക്കാന്‍ മുംബൈക്ക് കഴിഞ്ഞത്. അഥര്‍വ ടൈഡെയുടേത് (64 പന്തില്‍ 32) ആയിരുന്നു ആദ്യ വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ ധ്രുവ് ഷൊറേയേയും (50 പന്തില്‍ 28) മുംബൈ വീഴ്‌ത്തി.