മുംബൈ : രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി മുംബൈ. ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സിന്‍റെ ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സിനാണ് പുറത്തായത്. ഇതോടെ 538 റണ്‍സിന്‍റെ റണ്‍മലയാണ് വിജയത്തിനായി വിദര്‍ഭയ്‌ക്ക് കയറേണ്ടത് (Mumbai vs Vidarbha).
ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വിദര്‍ഭ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 10 റണ്‍സ് എടുത്തിട്ടുണ്ട്. അഥര്‍വ ടൈഡെ (3 പന്തില്‍ 3), ധ്രുവ് ഷൊറേ (9 പന്തില്‍ 7) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. 180 ഓവറുകളില്‍ ഇനി 528 റണ്‍സാണ് ടീമിന് വേണ്ടത്.
നേരത്തെ യുവതാരം മുഷീര്‍ ഖാന്‍റെ (Musheer Khan) സെഞ്ചുറിയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍ (Shreyas Iyer), ഷംസ് മുലാനി എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് രണ്ടാം ഇന്നിങ്‌സില്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. വിദര്‍ഭയ്‌ക്കായി ഹര്‍ഷ് ദുബെ അഞ്ചും യാഷ് താക്കൂര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
രണ്ടിന് 141 റണ്‍സ് എന്ന നിലയിലാണ് മുംബൈ മൂന്നാം ദിനം കളിക്കാന്‍ ഇറങ്ങിയത്. അജിങ്ക്യ രഹാനയെ (143 പന്തില്‍ 73) ഇന്ന് വേഗം മടക്കാനായെങ്കിലും മുഷീര്‍ ഖാന്‍ തകര്‍ത്ത് കളിച്ചു. ശ്രേയസ് അയ്യര്‍ക്കൊപ്പം 168 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്. സെഞ്ചുറിക്ക് തൊട്ടടുത്തുവച്ച് ശ്രേയസിനെ വീഴ്‌ത്തിയാണ് വിദര്‍ഭ കൂട്ടുകെട്ട് പൊളിക്കുന്നത്. 111 പന്തുകളില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 95 റണ്‍സായിരുന്നു ശ്രേയസ് നേടിയത്.