കേരളം

kerala

By ETV Bharat Kerala Team

Published : Mar 14, 2024, 2:32 PM IST

ETV Bharat / sports

രഞ്ജി ട്രോഫിയില്‍ മുംബൈ മുത്തം, നേട്ടം 8 വര്‍ഷത്തിന് ശേഷം; ചാമ്പ്യന്മാരാകുന്നത് 42-ാം തവണ

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി മുംബൈ.

Ranji TrophyMumbai  Ranji Trophy Champions  Mumbai vs Vidarbha Final  Ranji Trophy Cricket Mumbai Defeated Vidarbha By 169 Runs In Ranji Trophy FInal
Ranji Trophy

മുംബൈ : രഞ്ജി ട്രോഫി കിരീടം ചൂടി മുംബൈ. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 169 റണ്‍സിനാണ് ആതിഥേയരായ മുംബൈ വിദര്‍ഭയെ തകര്‍ത്തെറിഞ്ഞത്. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ 42-ാം കിരീടനേട്ടം ആണിത്. സ്കോര്‍: മുംബൈ : 214, 418 - വിദര്‍ഭ : 105, 368

538 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ തോല്‍വിഭാരം കുറച്ചത് നായകനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വദ്‌കറിന്‍റെ ഇന്നിങ്‌സാണ്. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച താരം 199 പന്തില്‍ 102 റണ്‍സ് നേടിയാണ് മടങ്ങിയത്. കരുണ്‍ നായര്‍ (74), ഹര്‍ഷ് ദുബെ (65) എന്നിവരും വിദര്‍ഭയ്‌ക്കായി രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

മത്സരത്തില്‍ വിദര്‍ഭയ്‌ക്ക് പ്രതീക്ഷ സമ്മാനിക്കുന്നതായിരുന്നു ആറാം വിക്കറ്റിലെ അക്ഷയ് ഹര്‍ഷ് ദുബെ സഖ്യത്തിന്‍റെ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് 130 റണ്‍സായിരുന്നു വിദര്‍ഭ ഇന്നിങ്‌സിലേക്ക് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ മുംബൈയ്‌ക്ക് മുന്നില്‍ വിദര്‍ഭ തകര്‍ന്നടിയുകയായിരുന്നു.

അതര്‍വ ടൈഡേ (32), ധ്രുവ് ഷോറെ (28), അമൻ മൊഘാഡെ (32), യാഷ് റാത്തോഡ് (7), ആദിത്യ സര്‍വാതെ (3), യാഷ് താക്കൂര്‍ (6), ഉമേഷ് യാദവ് (6) എന്നിവരാണ് പുറത്തായ മറ്റ് വിദര്‍ഭ താരങ്ങള്‍. മുംബൈയ്‌ക്കായി തനൂഷ് കൊട്ടിയാൻ നാല് വിക്കറ്റ് വീഴ്‌ത്തി. മുഷീര്‍ ഖാൻ, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ രണ്ടും ഷംസ് മുലാനി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടിയിരുന്നു.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സില്‍ പുറത്താകുകയായിരുന്നു. 75 റണ്‍സ് നേടിയ ശര്‍ദുല്‍ താക്കൂറായിരുന്നു ആദ്യ ഇന്നിങ്‌സില്‍ മുംബൈയുടെ ടോപ് സ്കോറര്‍. യാഷ് താക്കൂര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റായിരുന്നു നേടിയത്.

പിന്നലെ, ഒന്നാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനെത്തിയ വിദര്‍ഭ മുംബൈയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. 105 റണ്‍സിലാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ പുറത്തായത്. ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനൂഷ് കൊട്ടിയാൻ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളായിരുന്നു വിദര്‍ഭയെ തകര്‍ത്തത്.

119 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ മുംബൈയ്‌ക്കായി മുഷീര്‍ ഖാൻ (136) സെഞ്ച്വറി നേടി. ശ്രേയസ് അയ്യര്‍ (95), ക്യാപ്‌റ്റൻ അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ചേര്‍ന്നതോടെ 418 റണ്‍സിലേക്ക് മുംബൈ രണ്ടാം ഇന്നിങ്‌സില്‍ എത്തുകയായിരുന്നു.

ABOUT THE AUTHOR

...view details