പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടര്‍ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ പതറി കേരളം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. ജമ്മു കശ്‌മീര്‍ ഒന്നാം ഇന്നിങ്‌സില്‍ 280 റൺസെടുത്തിരുന്നു. 49 റൺസുമായി പുറത്താകാതെ നിൽക്കുന്ന സൽമാൻ നിസാറിലാണ് കേരളത്തിന്‍റെ അവസാന പ്രതീക്ഷ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറുപടി ബാറ്റിങ്ങിൽ 11 റൺസിനിടെ കേരളത്തിന്‍റെ മൂന്ന് വിക്കറ്റുകളാണ് വീണത്. 78 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമായി ജലജ് സക്സേനയുടെ മിന്നും പ്രകടനമാണ് കേരളത്തെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.
67 റണ്‍സില്‍ ജലജ് പുറത്താകുമ്പോൾ കേരളത്തിന്‍റെ സ്‌കോര്‍ 105 ആയിരുന്നു. ഓപണറായ അക്ഷയ് ചന്ദ്രന്‍ 29 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തുകയായിരുന്നു. രോഹന്‍ കുന്നുമ്മല്‍ (2 പന്തില്‍ 1), ഷോണ്‍ റോജര്‍ ( 5 പന്തില്‍ 0), സച്ചിന്‍ ബേബി (15 പന്തില്‍ 2), മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (15 പന്തില്‍ 15), എന്‍ പി ബേസല്‍ (0) എന്നിവര്‍ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ചവച്ചത്. ബോളിങ്ങില്‍ തിളങ്ങിയ എംഡി നിധീഷ് 36 പന്തില്‍ 30 റണ്‍സെടുത്തു.
Also Read:രഞ്ജി ക്വാർട്ടര്‍: കേരളത്തെ ഞെട്ടിച്ച് ജമ്മു കശ്‌മീര്‍; വാലറ്റം തുണച്ചു, 280 റണ്‍സിന് പുറത്ത് - KERALA RANJI CRICKET TEAM
ഇന്നലെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ് ജമ്മു കശ്‌മീര്‍ കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മു കശ്മീർ, 52 റൺസ് കൂടി കൂട്ടിച്ചേർത്ത് 280 റണ്‍സിനാണ് പുറത്തായത്. 48 റൺസെടുത്ത കനയ്യ വധാവനാണ് ടീമിന്‍റെ ടോപ് സ്കോറർ. കേരളത്തിനായി എംഡി നിധീഷ് ആറു വിക്കറ്റെടുത്തു. ആദിത്യ സർവതെ രണ്ട് വിക്കറ്റും സ്വന്തമാക്കി. ജമ്മു കശ്മീരിനായി ആഖിബ് നബി അഞ്ച് വിക്കറ്റെടുത്തു.