ധര്‍മ്മശാല:ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് വിജയം സമ്മാനിച്ചത് ആര്‍ അശ്വിന്‍റെ (R Ashwin) തകര്‍പ്പന്‍ പ്രകടനമാണ്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റുകളുമായാണ് അശ്വിന്‍ തിളങ്ങിയത്. ഇംഗ്ലീഷ് നിരയില്‍ പ്രധാനികളായ സാക്ക് ക്രവ്‌ലി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരെയായിരുന്നു താരം ഇരയാക്കിയത്.
ധര്‍മ്മശാലയിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഒരു വമ്പന്‍ റെക്കോഡ് കൂടെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് 37-കാരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായാണ് അശ്വിന്‍ മാറിയത്. ടെസ്റ്റില്‍ ഇതു 36-ാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് പ്രകടനം നടത്തുന്നത്.
ഇതോടെ അനില്‍ കുംബ്ലെയുടെ (Anil Kumble) റെക്കോഡാണ് പൊളിഞ്ഞത്. 35 തവണയാണ് ടെസ്റ്റില്‍ കുംബ്ലെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്. മൊത്തത്തിലുള്ള പട്ടികയില്‍ ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിയ്‌ക്കൊപ്പം (Richard Hadlee) മൂന്നാം സ്ഥാനമാണ് അശ്വിനുള്ളത്. 67 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് (Muttiah Muralitharan) തലപ്പത്തുള്ളത്. ഓസ്‌ട്രേലിയയുടെ ഷെയ്‌ന്‍ വോണാണ് (Shane Warne ) അശ്വിന് മുന്നിലുള്ള മറ്റൊരു താരം. 37 തവണയാണ് വോണ്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്.
ALSO READ: ആക്രമിക്കാന്‍ തന്നെയായിരുന്നു തീരുമാനം; റണ്‍വേട്ടയുടെ രഹസ്യം വെളിപ്പെടുത്തി യശസ്വി ജയ്‌സ്വാള്‍