കേരളം

kerala

ETV Bharat / sports

ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി വീരഗാഥ; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടം സ്വന്തം - PSG Wins League 1 Title

ഫ്രഞ്ച് ലീഗ് 2023-24 സീസണ്‍ ചാമ്പ്യന്മാരായി പിഎസ്‌ജി. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മൊണോക്കോ ലിയോണിനോട് തോല്‍വി വഴങ്ങിയതോടെയാണ് പിഎസ്‌ജിയുടെ കിരീട നേട്ടം.

LEAGUE 1 CHAMPIONS  LEAGUE 1 TABLE  KYLIAN MBAPPE  പിഎസ്‌ജി
PSG WINS LEAGUE 1 TITLE

By ETV Bharat Kerala Team

Published : Apr 29, 2024, 7:31 AM IST

പാരിസ്:ഫ്രഞ്ച് ലീഗ് 1 കിരീടം പിഎസ്‌ജിയ്‌ക്ക്. പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മൊണോക്കോ ലിയോണിനോട് തോല്‍വി വഴങ്ങിയതോടെയാണ് ലീഗില്‍ മൂന്ന് മത്സരം ശേഷിക്കെ പിഎസ്‌ജി കിരീടം ഉറപ്പിച്ചത്. ലീഗ് 1 ചരിത്രത്തില്‍ പിഎസ്‌ജിയുടെ 12-ാമത്തെയും കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള പത്താമത്തെയും കിരീട നേട്ടമാണിത്.

പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മൊണോക്കൊയക്കാള്‍ 12 പോയിന്‍റ് ലീഡാണ് പിഎസ്‌ജിയ്‌ക്കുള്ളത്. സീസണിലെ ഇതുവരെയുള്ള 31 മത്സരങ്ങളില്‍ 20 ജയവും 10 സമനിലയും സ്വന്തമായുള്ള പിഎസ്‌ജിയ്‌ക്ക് 70 പോയിന്‍റാണ് നിലവില്‍. 31 മത്സരങ്ങളില്‍ നിന്നും 17 ജയവും ഏഴ് വീതം കളികളില്‍ സമനിലയും തോല്‍വിയും മൊണോക്കോയ്‌ക്ക് 58 പോയിന്‍റും.

ഇക്കഴിഞ്ഞ ശനിയാഴ്‌ച തന്നെ പിഎസ്‌ജിയ്‌ക്ക് ലീഗ് 1 കിരീടം ഉറപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍, തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ലെ ഹാവ്രെയെ നേരിട്ട അവര്‍ സമനില വഴങ്ങുകയായിരുന്നു. ഇതോടെയാണ് ഫ്രഞ്ച് വമ്പന്മാര്‍ക്ക് കിരീടത്തിനായി കാത്തിരിക്കേണ്ടി വന്നത്.

പിഎസ്‌ജിയുടെ ഭാവി നിര്‍ണയിച്ച മത്സരത്തില്‍ ലിയോണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മൊണോക്കോയെ തകര്‍ത്തത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ മുന്നിലെത്താൻ മൊണോക്കോയ്‌ക്കായി. വിസം ബെൻ യാദെറിന്‍റെ ഗോളിലായിരുന്നു സന്ദര്‍ശകര്‍ ലീഡ് പിടിച്ചത്.

എന്നാല്‍, മത്സരത്തിന്‍റെ 22, 26 മിനിറ്റുകളില്‍ അലെക്‌സാന്‍ഡ്രേ ലകാസെറ്റ്, സെയ്‌ദ് ബെൻറെഹ്‌മ എന്നിവര്‍ നേടിയ ഗോളുകളിലൂടെ ലിയോണ്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 60-ാം മിനിറ്റില്‍ വിസം ബെൻ വീണ്ടും മൊണോക്കോയ്‌ക്കായി ഗോള്‍ നേടി. 84-ാം മിനിറ്റില്‍ യുവതാരം മാലിക്ക് ഫൊഫാനയാണ് ലിയോണിന്‍റെ വിജയഗോള്‍ നേടിയത്.

അതേസമയം, സൂപ്പര്‍ താരം കിലിയൻ എംബാപ്പെ ഈ സീസണോടെ ക്ലബ് വിടും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പിഎസ്‌ജിയുടെ കിരീട നേട്ടം. ലീഗ് 1 കിരീടം നേടിയതോടെ, ക്ലബ് ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലേക്കാകും ഇനി ലൂയിസ് എൻറിക്വെയുടെയും സംഘത്തിന്‍റെയും ശ്രദ്ധ. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളിലാണ് നിലവില്‍ പിഎസ്‌ജി.

ചാമ്പ്യൻസ് ലീഗ് സെമിയില്‍ ജര്‍മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആണ് പിഎസിജിയുടെ എതിരാളി. മെയ് രണ്ടിന് ഡോര്‍ട്ട്‌മുണ്ടിന്‍റെ ഹോം ഗ്രൗണ്ടിലാണ് ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടം.

ABOUT THE AUTHOR

...view details