മുംബൈ:ഏകദിന ലോകകപ്പിനിടെ (ODI World Cup 2023) ഏറ്റ പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ടീമിനുമായി കളിക്കാതെ ഐപിഎല്‍ (IPL) കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ( Hardik Pandya) നടപടിക്കെതിരെ തുറന്നടിച്ച് ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ (Praveen Kumar). പണം സമ്പാദിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഐപിഎല്ലിനേക്കാളും പ്രധാന്യം നല്‍കേണ്ടത് സ്വന്തം രാജ്യത്തിന് തന്നെയാണെന്നാണ് പ്രവീണ്‍ കുമാറിന്‍റെ വിമര്‍ശനം.
"ഐപിഎല്ലിന് രണ്ട് മാസം മുമ്പ് ഹാര്‍ദിക്കിന് പരിക്കേറ്റു, പിന്നെ രണ്ട് മാസം കളിക്കില്ല. രാജ്യത്തിനായോ, ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനായോ കളിക്കില്ല. എന്നിട്ട് നേരിട്ട് ഐപിഎല്‍ കളിക്കാന്‍ ഇറങ്ങും. അങ്ങനെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. പണം സമ്പാദിക്കുന്നിതില്‍ യാതൊരു തെറ്റുമില്ല. അതില്‍ ആരും തന്നെ നിങ്ങളെ തടയാനും വരില്ല. പക്ഷെ, നിങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി കളിക്കണം.
ഇപ്പോള്‍ ആളുകള്‍ ഐപിഎല്ലിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. ഏറെ നാളായി ഞാന്‍ പറയുന്ന കാര്യമാണിത്. പണം സമ്പാദിക്കുക. അതില്‍ നിന്നും ആരാണ് നിങ്ങളെ തടയുന്നത്. എന്നാല്‍ അതിനായി രാജ്യത്തിനായോ സംസ്ഥാനത്തിനായോ വേണ്ടി കളിക്കാത്തതുപോലെയാകരുത്.
ഇപ്പോള്‍ കളിക്കാര്‍ ചെയ്യുന്നത് ഇങ്ങനെയാണ്. ഐപിഎല്ലിന് മുമ്പ് ഒരു മാസം വിശ്രമിക്കും. പിന്നീട് നേരിട്ട് കളിക്കാനെത്തും. മാനസികമായി നിങ്ങൾ ആ പണം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഇത് ഒട്ടും ന്യായമല്ല. ഒരു കളിക്കാരൻ കാര്യങ്ങൾ സന്തുലിതമാക്കേണ്ടതുണ്ട്. പണം പ്രധാനമാണ്, എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുൻഗണന നൽകുന്നത് തെറ്റാണ്"- പ്രവീണ്‍ കുമാര്‍ പറഞ്ഞു.