പോര്‍ട്ടോ :ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദമത്സരത്തില്‍ (Champions League Round Of 16) ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സണലിന് (Arsenal) തോല്‍വി. പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയാണ് (Porto) പീരങ്കിപ്പടയെ തകര്‍ത്തത്. ഇഞ്ചുറി ടൈമില്‍ വിങ്ങര്‍ ഗലെനോ (Galeno) നേടിയ ഗോളാണ് ആതിഥേയര്‍ക്ക് മത്സരത്തില്‍ ജയമൊരുക്കിയത് (Porto vs Arsenal Match Result).
മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആതിഥേയരായ പോര്‍ട്ടോയെക്കാള്‍ ഏറെ മുന്നിട്ട് നിന്നത് ആഴ്സണലായിരുന്നു. എന്നാല്‍, അവരുടെ ആക്രമണങ്ങള്‍ പലതും മത്സരത്തില്‍ പിഴച്ചു. ഓൺ ടാര്‍ഗറ്റ് ഷോട്ട് ഒന്നുപോലും ഇല്ലാതെയാണ് ആഴ്സണല്‍ പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ കളി അവസാനിപ്പിച്ചത്.
പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മത്സരങ്ങളില്‍ നിന്നും 11 ഗോളുകളായിരുന്നു ആഴ്സണല്‍ സ്കോര്‍ ചെയ്തിരുന്നത്. എന്നാല്‍, ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ആഴ്സണലിനെ കൃത്യമായി തന്നെ മെരുക്കി നിര്‍ത്താൻ പോര്‍ട്ടോയുടെ പ്രതിരോധനിരയ്ക്ക് മത്സരത്തില്‍ സാധിച്ചു.
21-ാം മിനിറ്റില്‍ പോര്ട്ടോയ്ക്കായിരുന്നു മത്സരത്തില്‍ ഗോള്‍ നേടാൻ ആദ്യം അവസരം ലഭിച്ചത്. ഗലെനോയുടെ ഷോട്ടിന് വില്ലനായത് ഗോള്‍ പോസ്റ്റ്. പിന്നാലെ, റീബൗണ്ടായി ലഭിച്ച അവസരവും മുതലെടുക്കാൻ ആതിഥേയര്‍ക്കായില്ല.