കേരളം

kerala

ETV Bharat / sports

'ധോണിയ്‌ക്ക് വരെ മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ട്, എന്നാല്‍ രോഹിത്തിന് അതില്ല' - Rohit Sharma

ഐപിഎല്ലില്‍ 10 വര്‍ഷങ്ങള്‍ നീണ്ട ക്യാപ്റ്റന്‍സി കരിയറില്‍ ഒരിക്കല്‍ പോലും രോഹിത് ശര്‍മയ്‌ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് മുന്‍ ക്രിക്കറ്റര്‍ പാര്‍ഥിവ് പട്ടേല്‍

Rohit Sharma news  Parthiv Patel  MS Dhoni  Indian Premier League
Parthiv Patel compares Rohit Sharma captaincy with MS Dhoni in IPL

By ETV Bharat Kerala Team

Published : Mar 20, 2024, 2:19 PM IST

മുംബൈ:കളിക്കളത്തില്‍ ഏറെ ശാന്തതയോടെ തന്ത്രങ്ങള്‍ മെനയുന്ന ക്യാപ്റ്റനാണ് രോഹിത് ശര്‍മയെന്ന് (Rohit Sharma) ഇന്ത്യയുടെ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ ( Parthiv Patel ). ഒരു റണ്‍സിന് വിജയിച്ച് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നേടിയ രണ്ട് ഐപിഎല്‍ (Indian Premier League) കിരീടങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. ഗ്രൗണ്ടിൽ സമചിത്തതയോടെ നിലയുറപ്പിക്കാന്‍ കളിയുന്ന ഒരു ക്യാപ്റ്റനില്ലായിരുന്നുവെങ്കില്‍ മുംബൈക്ക് അതൊരിക്കലും സാധ്യമാവുകയില്ലായിരുന്നുവെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ എംഎസ്‌ ധോണിയ്‌ക്ക് (MS Dhoni) വരെ പിഴവ് പറ്റിയിട്ടുണ്ടെങ്കിലും മുംബൈയില്‍ 10 വര്‍ഷം ക്യാപ്റ്റനായിരുന്നപ്പോള്‍ രോഹിത്തിന് ഒരിക്കല്‍ പോലും അത് സംഭവിച്ചിട്ടില്ലെന്നും പാര്‍ഥിവ് പട്ടേല്‍ അഭിപ്രായപ്പെട്ടു.

"ഏറെ സമ്മര്‍ദം നിറഞ്ഞ ഒരു മത്സരത്തില്‍, ചിലപ്പോൾ തെറ്റായ തീരുമാനങ്ങളോ പിഴവുകളോ ഉണ്ടാകാറുണ്ട്. എന്നാൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുടെ സവിശേഷത, കഴിഞ്ഞ 10 വർഷത്തിനിടയിൽ അദ്ദേഹം ഒരു തെറ്റ് ചെയ്തിട്ടില്ല എന്നതാണ്. എംഎസ്‌ ധോണിയ്‌ക്ക് പോലും പിഴവുകള്‍ പറ്റിയിട്ടുണ്ട്.

പവൻ നേഗിക്ക് ഓവർ നൽകുന്നത് പോലെയുള്ള പിഴവുകൾ ധോണി വരുത്തിയിട്ടുണ്ട്. എന്നാല്‍ രോഹിത്തിനെ നോക്കുകയാണെങ്കില്‍, അദ്ദേഹത്തിന് അത്തരമൊരു പിഴവ് സംഭവിച്ചിട്ടില്ല. പ്രക്രിയ ലളിതമാക്കുക എന്നത് ധോണി എപ്പോഴും ഉപദേശിക്കുന്ന കാര്യമാണ്. എന്നാല്‍ രോഹിത് മത്സരങ്ങളില്‍ അത് നടപ്പിലാക്കുന്നതാണ് കാണാന്‍ കഴിയുക" - പാര്‍ഥിവ് പട്ടേല്‍ വ്യക്തമാക്കി.

ഒരു ചര്‍ച്ചയ്‌ക്ക് ഇടെയാണ് പാര്‍ഥിവിന്‍റെ വാക്കുകള്‍. ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാനും (Zaheer Khan ) പ്രസ്‌തുത ചര്‍ച്ചയുടെ ഭാഗമായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ചാണ് രോഹിത് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഐപിഎല്ലിൽ ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

"മത്സരം ആരംഭിക്കുന്നതിന് മുന്നെ തന്നെ പദ്ധതികള്‍ തയ്യാറാക്കാം. എന്നാല്‍ മത്സരം നടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. രോഹിത് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.

പലപ്പോഴും മത്സരത്തിന് മുന്നെ ആസൂത്രണം ചെയ്തതിൽ നിന്ന് വ്യത്യസ്‌തമായ തീരുമാനങ്ങളാവുമത്. അതാണ് അദ്ദേഹത്തിന്‍റെ കരുത്തെന്നാണ് ഞാൻ കരുതുന്നത്. ഐപിഎല്ലിൽ, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നത് ക്യാപ്റ്റൻമാരെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അദ്ദേഹം അത് നന്നായി ചെയ്തു" സഹീര്‍ വ്യക്തമാക്കി.

ALSO READ: ഐപിഎല്‍ ജഴ്‌സിയില്‍ മൂന്ന് നിറങ്ങള്‍ക്ക് ബിസിസിഐ വിലക്ക് ; വെളിപ്പെടുത്തി പ്രീതി സിന്‍റ

അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ. ക്യാപ്റ്റനല്ലാതെയാണ് 36-കാരന്‍ കളിക്കുക. പുതിയ സീസണിന് മുന്നോടിയായി രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് ഫ്രാഞ്ചൈസി ചുമതല നല്‍കിയത്.

മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന്‍റെ പ്രസ്‌തുത തീരുമാനത്തിനെതിരെ ആരാധകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ടീമിന് അകത്തുനിന്ന് തന്നെ നേരിട്ടല്ലെങ്കിലും അതൃപ്‌തി പരസ്യമാവുകയും ചെയ്‌തുവെന്നതും ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details