ചാമ്പ്യൻസ് ട്രോഫി തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് വീണ്ടും തിരിച്ചടി. ടൂർണമെന്റിനു മുൻപ് ഉദ്ഘാടനച്ചടങ്ങുകളും ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും പത്രസമ്മേളനവും റദ്ദാക്കി. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ പാകിസ്ഥാനിലെത്തുന്നത് വൈകുന്നതിലാണ് തീരുമാനമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് പ്രത്യേക പരിപാടികളില്ലാതെയാകും ചാമ്പ്യൻസ് ട്രോഫിയുടെ പുതിയ പതിപ്പ് പാകിസ്ഥാനിൽ ആരംഭിക്കുക. നേരത്തെ ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിനായി ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇവ റദ്ദാക്കിയതോടെ രോഹിതിന്റെ പോക്കുമായി ബന്ധപ്പെട്ട ചോദ്യം അപ്രസക്തമായി. കൂടാതെ സ്റ്റേഡിയങ്ങളുടെ നിർമാണ ജോലികൾ കൃത്യസമയത്തു പൂർത്തിയാക്കാൻ ക്രിക്കറ്റ് ബോർഡിനു സാധിച്ചിട്ടില്ല.
'തിരക്കേറിയ യാത്രാ ഷെഡ്യൂളുകളും ടീമുകളുടെ ലഭ്യതക്കുറവും കാരണം ടൂർണമെന്റിന് മുമ്പുള്ള ക്യാപ്റ്റന്മാരുടെ പത്രസമ്മേളനം റദ്ദാക്കിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ടൂർണമെന്റിന് മുമ്പ് എല്ലാ ടീമുകൾക്കും തിരക്കേറിയ മത്സര ഷെഡ്യൂളുകളുണ്ട്. ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ കളിക്കുമ്പോൾ ഇംഗ്ലണ്ട് ഇന്ത്യയില്‍ പരമ്പര കളിക്കുന്നു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് പകരം ഫെബ്രുവരി 16ന് ലാഹോറിൽ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങ് പിസിബി സംഘടിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഒരു ചെറിയ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം പാകിസ്ഥാനിലെത്തും. അതേസമയം ഓസ്ട്രേലിയ ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസം (ഫെബ്രുവരി 19)ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയെത്തും. ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പര ഫെബ്രുവരി 12 ന് അവസാനിക്കും, അതിനുശേഷം മാത്രമേ അവർ പാകിസ്ഥാനിലേക്ക് പോകൂ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം കാരണം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടക്കും. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നീ ടീമുകൾ ഓരോ മത്സരത്തിനും യുഎഇയിലെത്തും. ഫെബ്രുവരി 19ന് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ടൂർണമെന്റിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിക്കാത്ത ഒരേയൊരു ടീം പാകിസ്ഥാൻ മാത്രമാണ്.