റാവൽപിണ്ടി (പാകിസ്ഥാൻ): പാകിസ്ഥാൻ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് തകർപ്പൻ വിജയം. റാവൽപിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷാൻ മസൂദിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.
നാല് വർഷത്തിന് ശേഷമാണ് ആതിഥേയരായ പാകിസ്ഥാൻ സ്വന്തം മണ്ണിൽ പരമ്പര വിജയം നേടിയത്. പാകിസ്ഥാൻ 2-1 ന് പരമ്പര സ്വന്തമാക്കി. 1995ൽ സിംബാബ്‌വെക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റ് പരമ്പര നേടിയശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം പരമ്പര നേടുന്നത്. 2015 നവംബറിന് ശേഷം ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.
മൂന്നാം ടെസ്റ്റിൽ ജയിക്കാൻ 36 റൺസ് വേണ്ടിയിരുന്നപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നു. 2020/21 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് പാകിസ്ഥാൻ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിൽ പാക് ഫാസ്റ്റ് ബൗളർമാർ പന്തെറിഞ്ഞില്ല. കൂടാതെ ഇംഗ്ലണ്ടിൽ നിന്ന് പന്തെറിഞ്ഞ ഏക ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസണായിരുന്നു. മത്സരത്തിലുടനീളം സ്‌പിന്നർമാർ ആകെ 29 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ അറ്റ്കിൻസണാണ് വീഴ്ത്തിയത്. 24-3 എന്ന സ്കോറിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 112 റണ്‍സിന് ഓള്‍ ഔട്ടായി.33 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. പാകിസ്ഥാനായി അഞ്ച് റണ്‍സുമായി അബ്ദുള്ള ഷഫീഖും 23 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്‍ മസൂദും പുറത്താകാതെ നിന്നു.
പാക്കിസ്ഥാനുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയ സാജിദ് ഖാൻ മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 6 വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ 4 വിക്കറ്റും സാജിദ് വീഴ്ത്തിയത്. നൊമാൻ അലി ആദ്യ ഇന്നിംഗ്‌സിൽ 3 വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ 6 വിക്കറ്റും വീഴ്ത്തി.
Also Read:ക്രിസ് വുഡിന്‍റെ ഇരട്ടഗോളില്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് നോട്ടിങ്ഹാം ഫോറസ്റ്റ്, പട്ടികയില്‍ മുന്നേറ്റം