ഇസ്ലാമാബാദ്: വിവാദങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് പുത്തരിയല്ല. പേസര്‍ ഹാരിസ് റൗഫിന്‍റെ ( Haris Rauf) കേന്ദ്ര കരാര്‍ റദ്ദാക്കിയതാണ് പാകിസ്ഥാന്‍ ക്രിക്കറ്റിലെ പുതിയ വിവാദം. മതിയായ കാരങ്ങള്‍ ബോധിപ്പിക്കാതെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടു നിന്നതിനാണ് 30-കാരനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan Cricket Board ) നടപടി സ്വീകരിച്ചത്. പരമ്പരയില്‍ നിന്നും വിശ്രമം ആവശ്യപ്പെട്ട റൗഫ് ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ കളിക്കുകയും ചെയ്‌തിരുന്നു.
മെല്‍ബണ്‍ സ്റ്റാര്‍സ് വേണ്ടിയായിരുന്നു റൗഫ് കളത്തില്‍ ഇറങ്ങിയത്. താരത്തിന്‍റെ പ്രസ്‌തുത നടപടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2023 ഡിസംബര്‍ ഒന്നു മുതല്‍ക്കുള്ള മുന്‍ കാലപ്രാബല്യത്തോടെയാണ് റൗഫിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ വിദേശ ലീഗുകളില്‍ കളിക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) റൗഫിന് പാകിസ്ഥാന്‍ ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്.
ജൂണ്‍ 30 വരെയുള്ള കാലയളവിലുള്ള എന്‍ഒസിയാണ് ബോര്‍ഡ് റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ബോര്‍ഡിന്‍റെ നടപടിയില്‍ ടീം അംഗങ്ങള്‍ക്കുള്ളില്‍ കടുത്ത അതൃപ്‌തിയുള്ളതായാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഹാരിസ് റൗഫിനെ ടെസ്റ്റ് കളിക്കാന്‍ നിര്‍ബന്ധിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി തന്നെ തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്.
റൗഫിന്‍റെ കരാര്‍ റദ്ദാക്കിയതില്‍ ചീഫ് സെലക്‌ടർ വഹാബ് റിയാസിന് ( Wahab Riaz) പങ്കുണ്ടെന്നും ചില കളിക്കാർ സംശയിക്കുന്നതായാണ് വിവരം. ആദ്യം ഓസ്‌ട്രേലിയയിൽ പര്യടനം നടത്താൻ സമ്മതിച്ചിരുന്ന ഹാരിസ് റൗഫ് പിന്നീട് ഫിറ്റ്‌നസ് ആശങ്കകളും ജോലിഭാരവും ചൂണ്ടിക്കാട്ടിക്കൊണ്ട് പിന്മാറുകയായിരുന്നു.