കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് ആണ് ആദ്യ മത്സരം. ഇരുടീമുകളും മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. പരമ്പരയിൽ നിരവധി വലിയ റെക്കോർഡുകൾ സൃഷ്ടിക്കാനും തകർക്കാനും സാധ്യതയുണ്ട്. ഏതൊക്കെ താരങ്ങൾക്ക് പുതിയ ചരിത്രം സൃഷ്ടിക്കാനാകുമെന്ന് നോക്കാം.
ചരിത്ര നേട്ടത്തിന്‍റെ വക്കിൽ അർഷ്‌ദീപ് സിങ്:ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്‌ദീപ് 60 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് ഇതുവരെ 95 വിക്കറ്റാണ് വീഴ്ത്തിയത്. തന്‍റെ പേരിൽ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാൽ, ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറായ യുസ്വേന്ദ്ര ചാഹലിനെ (96) താരം മറികടക്കും. മാത്രമല്ല, ടി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ബൗളർ എന്ന നേട്ടവും അർഷ്ദീപിനെ കാത്തിരിക്കുന്നുണ്ട്. ടി20യിൽ ഇതുവരെ ഒരു ഇന്ത്യൻ ബൗളറും 100 വിക്കറ്റ് നേടിയിട്ടില്ല.
ജോസ് ബട്ട്‌ലർ:ഇന്ത്യയ്‌ക്കെതിരായ ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ 498 റൺസാണ് ഇതുവരെ സ്വന്തമാക്കിയത്. രണ്ട് റൺസ് കൂടെ നേടിയാൽ ഇന്ത്യയ്‌ക്കെതിരെ ടി20യിൽ 500 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്ററായി ബട്ട്‌ലർ മാറും. നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് മില്ലർ, ആരോൺ ഫിഞ്ച് എന്നിവർക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ 500 ടി20 റൺസ് തികയ്ക്കുന്ന ലോകത്തിലെ അഞ്ചാമത്തെ ബാറ്ററായും താരം മാറും.