വിശാഖപട്ടണം:മുൻ നിര പതറിയ ഇടത്ത് പഴയതുപോലെ വാലറ്റത്ത് ബാറ്റിങ്ങ് വെടിക്കെട്ട് തീര്‍ത്ത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുൻ നായകൻ എംഎസ് ധോണി. ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ ധോണിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, വിശാഖപട്ടണത്ത് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് മുൻ നായകൻ ബാറ്റ് ചെയ്യാനിറങ്ങിയത് ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലാണ് എത്തിച്ചത്.
സീസണിലെ ആദ്യ മത്സരം മുതല്‍ തന്നെ ധോണിയുടെ ബാറ്റിങ്ങ് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആര്‍സിബിക്കെതിരെയും ഗുജറാത്ത് ടൈറ്റൻസിനെതിരിയെും ചെപ്പോക്കില്‍ നടന്ന മത്സരങ്ങളില്‍ ധോണി ബാറ്റ് ചെയ്യാൻ എത്താതിരുന്നത് ആരാധകരെ നിരാശരാക്കി. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാൻ ധോണി എത്തിയതോടെ ഗാലറി ആര്‍ത്തിരമ്പി.
ആരാധകരുടെ പള്‍സ് അറിഞ്ഞ ധോണി തന്‍റെ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് വിശാഖപട്ടണത്ത് ബാറ്റ് വീശിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിക്കാൻ ആരാധകരുടെ തലയ്‌ക്കായി. മുകേഷ് കുമാറിനെയാണ് ആദ്യം ധോണി ബൗണ്ടറി പായിച്ചത്. നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ട് ഫോറുകളാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.
പിന്നീട്, ധോണിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത് ഖലീല്‍ അഹമ്മദ്. ധോണിക്കെതിരെ ഓഫ് സൈഡില്‍ വൈഡ് യോര്‍ക്കറുകള്‍ എറിയാനായിരുന്നു ഖലീലിന്‍റെ ശ്രമം. എന്നാല്‍, പന്തുകള്‍ തുടര്‍ച്ചായി വൈഡായി മാറിയതോടെ താരം പ്രതിരോധത്തിലായി. ഒടുവില്‍ 18-ാം ഓവറിലെ അഞ്ചാം പന്ത് ഖലീലിനെ കവറിന് മുകളിലൂടെ ധോണി സിക്‌സര്‍ പറത്തി.