മുംബൈ:ഏകദിന ലോകകപ്പിനിടെ ഇടത് കണങ്കാലിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami). ശസ്‌ത്രക്രിയ വിജയമാണെന്ന് ഷമി തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. പരിക്ക് ഭേദമാവാന്‍ അല്‍പം സമയം വേണ്ടിവരുമെന്നും എന്നാല്‍ അധികം വൈകാതെ തന്നെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും 33-കാരനായ താരം തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
ആശുപത്രിക്കിടക്കയില്‍ നിന്നെടുത്ത ചില ചിത്രങ്ങളും ഷമി പ്രസ്‌തുത കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ലണ്ടനില്‍ വച്ചാണ് ശസ്‌ത്രക്രിയ നടക്കുന്നതെന്ന് ഷമി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ഹീറോ ആയ താരമാണ് മുഹമ്മദ് ഷമി. ഹാര്‍ദിക്ക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതായിരുന്നു ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്ക് പ്ലെയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്.
പിന്നീട് അത്‌ഭുത പ്രകടനവുമായാണ് താരം കളം നിറഞ്ഞത്. കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. എന്നാല്‍ കണങ്കാലിനേറ്റ പരിക്കുമായാണ് മുഹമ്മദ് ഷമി ടൂര്‍ണമെന്‍റ് കളിച്ചതെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. പരിക്ക് നേരിയതായിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്ക് സാരമുള്ളതായിരുന്നുവെന്നും കടുത്ത വേദന സഹിച്ചുകൊണ്ടാണ് താരം ടൂര്‍ണമെന്‍റിലുടനീളം കളിച്ചതെന്നുമുള്ള വിവരം പിന്നീട് പുറത്തുവന്നു.