മുംബൈ: ഐപിഎല്ലില്‍ (IPL 2024) മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ നിരാശയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) കാത്തിരുന്നത്. അഹമ്മദാബാദില്‍ ഹാര്‍ദിക്കിന്‍റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) എതിരെ ആറ് റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നേടിയ 168 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്.
മത്സരത്തില്‍ ഹാര്‍ദിക്കിന്‍റെ വിവിധ തന്ത്രങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഏഴാമനായി എത്താനുള്ള ഹാര്‍ദിക്കിന്‍റെ തീരുമാനവും ഇതില്‍ ഒന്നാണ്. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി ധോണിയെ അനുകരിക്കാനായിരുന്നു ഹാര്‍ദിക്ക് ശ്രമിച്ചതെന്നായിരുന്നു ചിലര്‍ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീമില്‍ സഹതാരവും ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഹാര്‍ദിക്കിന്‍റെ കീഴില്‍ കളിക്കുകയും ചെയ്‌ത പേസര്‍ മുഹമ്മദ് ഷമി. ധോണിയെപ്പോലെ ആവാന്‍ മറ്റൊരാളും ശ്രമിച്ചിട്ട് കാര്യമില്ലെന്നും ധോണി ധോണിയാണെന്നുമാണ് ഷമി ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്.
"ധോണി, ധോണിയാണ്. മറ്റൊരാള്‍ക്കും അദ്ദേഹമാവാന്‍ കഴിയില്ല. ഇനി ധോണിയോ കോലിയോ ആയിക്കോട്ടെ. അവരുടെയെല്ലാം മനോഭാവം വ്യത്യസ്‌തമാണ്.
കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സിനായി കഴിഞ്ഞ രണ്ട് സീസണുകളില്‍ മൂന്നോ നാലോ നമ്പറിലായിരുന്നു ഹാര്‍ദിക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നത്.