കൊല്‍ക്കത്ത :സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SunRisers Hyderabad) മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ആവേശകരമായ ജയം സ്വന്തമാക്കിയെങ്കിലും എയറിലായിരിക്കുകയാണ് കെകെആറിന്‍റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). ഒൻപത് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ സ്റ്റാര്‍ക്കിനെ കഴിഞ്ഞ താരലേലത്തില്‍ 24.75 കോടി എന്ന എക്കാലത്തേയും റെക്കോഡ് തുകയ്‌ക്കായിരുന്നു കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഡെത്ത് ഓവറില്‍ തങ്ങളുടെ ടീമിനുള്ള ദൗര്‍ബല്യം മാറ്റുന്നതിനായിട്ടായിരുന്നു സ്റ്റാര്‍ക്കിനെ ഇത്രയധികം തുക നല്‍കി ടീമിലെടുത്തത് എന്നായിരുന്നു കെകെആറിന്‍റെ വാദം.
എന്നാല്‍, ഏറെക്കാലത്തിന് ശേഷം ആദ്യമായി ഐപിഎല്‍ കളിക്കാനെത്തിയ സ്റ്റാര്‍ക്ക് തിരികെ കയറിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റര്‍മാരുടെ ചൂടറിഞ്ഞ്. മത്സരത്തില്‍ നാല് ഓവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയ സ്റ്റാര്‍ക്ക് 53 റണ്‍സായിരുന്നു ഈഡൻ ഗാര്‍ഡൻസില്‍ വിട്ടുകൊടുത്തത്. വിക്കറ്റ് ഒന്നും നേടാൻ സാധിക്കാതെ വന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഓസീസ് പേസര്‍ക്കെതിരെ ട്രോളുകളും നിറഞ്ഞത് (Fans Trolls Against Mitchell Starc).
മത്സരത്തില്‍ തന്‍റെ ആദ്യ ഓവറില്‍ 12 റണ്‍സായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക് വഴങ്ങിയത്. രണ്ടാമത്തെ ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്തു. പിന്നീട് ഡെത്ത് ഓവറിലാണ് സ്റ്റാര്‍ക്ക് പരന്തെറിയാനെത്തിയത്.