കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ഏറ്റവും മൂല്യമേറിയ താരമായാണ് മിച്ചല്‍ സ്റ്റാര്‍ക്ക് 17-ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കാന്‍ എത്തിയത്. കഴിഞ്ഞ താര ലേലത്തില്‍ 24.75 കോടി രൂപയ്ക്കായിരുന്നു സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ തന്റെ മികവ് പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
കളിച്ച മത്സരങ്ങളിലേറെയും സ്റ്റാര്‍ക്ക് അടി വാങ്ങി. ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് പിന്നാലെ സ്റ്റാര്ക്കിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും കടുക്കുകയാണ്. മത്സരത്തില്‍ മൂന്ന് ഓവറുകളില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റായിരുന്നു സ്റ്റാര്‍ക്ക് നേടിയത്. 18.33 ആയിരുന്നു ഇക്കോണമി.
മത്സരത്തില്‍ വിജയിക്കാനായി ബെംഗളൂരുവിന് അവസാന ഓവറില്‍ 21 റണ്‍സ് വേണ്ടിയിരിക്കെ സ്റ്റാര്‍ക്കിനെയായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പന്തേല്‍പ്പിച്ചത്. ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ കരണ്‍ ശര്‍മ സ്റ്റാര്‍ക്കിനെതിരെ മൂന്ന് സിക്സറുകടിച്ചാണ് മടങ്ങിയത്. സീസണില്‍ ഇതേവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നായി 287 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്.
25 ഓവറുകളിലെ 150 പന്തുകളില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഇത്രയും റണ്‍സ് വഴങ്ങിയത്. 11.48 ആണ് ഇക്കോണമി. നേടാന്‍ കഴിഞ്ഞതാവട്ടെ വെറും ആറ് വിക്കറ്റുകളും. ഇതുവരെ കളിച്ച ഓരോ മത്സരങ്ങളിലേയും സ്റ്റാര്‍ക്കിന്റെ പ്രകടനം എങ്ങനെയെന്ന് നോക്കാം...
സീസണ് ഓപ്പണറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റര്‍മാര്‍ സ്റ്റാര്‍ക്കിനെ നിലത്ത് നിര്‍ത്തിയിരുന്നില്ല. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയ താരത്തിന് ഒരൊറ്റ വിക്കറ്റും ലഭിച്ചിരുന്നില്ല. 13.25 ആയിരുന്നു ഇക്കോണമി.