ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്‍റെ ഫൈനലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ എത്തുകയാണ്. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ട് താരങ്ങള്‍ എതിരെ എത്തുന്ന മത്സരം കൂടിയാണിത്. ഓസ്ട്രേലിയൻ പേസര്‍മാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസുമാണ് കഴിഞ്ഞ താരലേലത്തില്‍ റെക്കോഡ് തുക സ്വന്തമാക്കിയത്.
സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടിയാണ് വീശിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി സ്റ്റാര്‍ക്ക് മാറി. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയ സ്റ്റാര്‍ക്ക് വമ്പന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്.
ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിന്‍റെ പേരുകേട്ട ബാറ്റിങ് നിരയുടെ മുനയൊടിച്ചത് സ്റ്റാര്‍ക്കിന്‍റെ പന്തുകളായിരുന്നു. സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് താരത്തിന്‍റെ നേട്ടം. ഇന്നും സ്റ്റാര്‍ക്കിന്‍റെ പ്രകടനത്തില്‍ കൊല്‍ക്കത്തയ്‌ക്ക് വമ്പന്‍ പ്രതീക്ഷയുണ്ട്.
20.50 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയത്. കമ്മിന്‍സിന് കീഴില്‍ അടിമുടി ഉടച്ചുവാര്‍ക്കപ്പെട്ട ഹൈദരാബാദ് സീസണില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്. ഫൈനലിലേക്കുള്ള ടീമിന്‍റെ കുതിപ്പില്‍ ക്യാപ്റ്റന്‍സിക്കൊപ്പം കമ്മിന്‍സിന്‍റെ പ്രകടനവും ഹൈദരാബാദിന് ഏറെ നിര്‍ണായകമായി.