ഹൈദരാബാദ്:ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കടന്നാക്രമിച്ച് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോൺ (Michael Vaughan About Rohit Sharma Captaincy). ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിതിന്‍റെ ക്യാപ്‌റ്റന്‍സി ശരാശരി മാത്രമായിരുന്നെന്ന് വോണ്‍ പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ തന്ത്രങ്ങള്‍ക്ക് മറുപടി പറയാന്‍ രോഹിതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇവിടെ രോഹിത് ശര്‍മയുടെ ക്യാപ്‌റ്റന്‍സി വെറും ശരാശരി മാത്രമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലീഷ് തന്ത്രങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ രോഹിതിന് സാധിക്കുമെന്ന് ഞാന്‍ വിചാരിച്ചു. ഹൈദരാബാദ് ടെസ്‌റ്റില്‍ ഫീല്‍ഡ് കൈകാര്യം ചെയ്യുന്നതിലോ ബൗളിങ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലോ രോഹിത് അത്ര സജീവമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.' -മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു.
ഒലീ പോപ്പിന്‍റെ സ്വീപ്പ് ഷോട്ടുകള്‍ക്കും റിവേഴ്‌സ് സ്വീപ്പിനും ഉത്തരം പറയാന്‍ രോഹിതിന് സാധിച്ചില്ല. ഇംഗ്ലണ്ടിന് അവിടെ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ബാസ്ബോള്‍ ശൈലി അനുസരിച്ച് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബൗണ്ടറി കണ്ടെത്താന്‍ സാധിക്കും. അറ്റാക്കിങ് ശൈലിയില്‍ ഫീല്‍ഡ് ഒരുക്കിയിരുന്നെങ്കില്‍ ഒരു പരിധി വരെ മത്സരം കൈപ്പിടിയിലാക്കാന്‍ ഇന്ത്യയ്‌ക്കാകുമായിരുന്നു. എന്നാല്‍, തന്‍റെ ബൗളര്‍മാരുടെ മികച്ച ഒരു പന്തിന് വേണ്ടിയായിരുന്നു രോഹിത് അവിടെ കാത്തിരുന്നതെന്നും മൈക്കല്‍ വോണ്‍ ചൂണ്ടിക്കാട്ടി.