തിരുവനന്തപുരം: ഏറെ ആരാധകരുള്ള അര്‍ജന്‍റൈൻ ഫുട്‌ബോള്‍ ടീമും സൂപ്പര്‍താരം ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാൻ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്‌ദുറഹിമാൻ. ഒന്നര മാസത്തിന് ശേഷം ടീം കേരളത്തിൽ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരള സർക്കാരിന്‍റെ നിയന്ത്രണത്തിലാണ് മത്സരം നടക്കുക. എല്ലാ ഒരുക്കങ്ങൾക്കും സർക്കാർ നേതൃത്വം നൽകും. ടീം അസോസിയേഷൻ നിലവിൽ വന്നതിന് ശേഷം തീയതി തീരുമാനിച്ച് അറിയിക്കും. എതിർ ടീം ആരെന്നും പിന്നീട് അറിയിക്കും. ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷനാണ് മത്സരം നടത്താൻ സന്നദ്ധത അറിയിച്ചത്. രണ്ട് സൗഹൃദ മത്സരങ്ങളാകും കേരളത്തിൽ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അർജന്‍റൈൻ ടീമിനെയും മെസിയെയും ഫുട്ബോൾ ആരാധകർക്കായി കേരളത്തിലേക്ക് എത്തിക്കുമെന്ന് കായിക മന്ത്രി നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. അർജന്‍റീനയിൽ സെപ്റ്റംബറിൽ മന്ത്രി സന്ദർശനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അടുത്ത വര്‍ഷമാകും ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുക.
കേരളത്തില്‍ വച്ച് വിദേശ ടീമുമായി അര്‍ജന്‍റീന ഏറ്റുമുട്ടുമെന്നാണ് സൂചന. കൊച്ചിയില്‍ വച്ചാകും മത്സരമെന്നും മന്ത്രി വി അബ്‌ദുറഹിമാൻ സൂചന നല്‍കി. കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് മത്സരങ്ങള്‍ നടക്കുമെന്നാണ് സൂചന. എന്നാല്‍ ലോകചാമ്പ്യന്മാരായ അർജന്‍റീന ആരുമായാണ് മത്സരിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വിദേശ ടീമുമായിട്ടാകും മത്സരമെന്നാണ് മന്ത്രി നല്‍കുന്ന സൂചന. ഏഷ്യയിലെ ഏതെങ്കിലും പ്രമുഖ ടീം തന്നെ അര്‍ജന്‍റീനയെ നേരിടാന്‍ കളത്തിലിറങ്ങാനാണ് സാധ്യത.