ഹൈദരാബാദ്:ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രവചനം ഇന്ത്യൻ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിൻ നടത്തിയത്. രാജ്യാന്തര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നുവെന്നായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അശ്വിന് ആശംസകള്‍ ഉള്‍പ്പടെ അറിയിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.
അശ്വിനെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ വര്‍ഷമായിരുന്നു 2024. ഇന്ത്യൻ താരം ശിഖര്‍ ധവാൻ, ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആൻഡേഴ്‌സണ്‍, ഓസ്‌ട്രേലിയൻ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍, ന്യൂസിലൻഡ് താരം ടിം സൗത്തി തുടങ്ങിയവരുടെയെല്ലാം വിരമിക്കല്‍ പ്രഖ്യാപനങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചു. അങ്ങനെ രാജ്യാന്തര ക്രിക്കറ്റിന്‍റെ വിവിധ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങിയ പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
ഡേവിഡ് വാര്‍ണര്‍
ഈ വര്‍ഷം ആദ്യം ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് ഓസ്‌ട്രേലിയയുടെ ഇടംകയ്യൻ ബാറ്ററായ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. ജനുവരി ആറിന് സിഡ്‌നിയില്‍ പാകിസ്ഥാനെതിരെയായിരുന്നു വാര്‍ണര്‍ അവസാന ടെസ്റ്റ് മത്സരം കളിച്ചത്.
David Warner (ANI Photos) 112 ടെസ്റ്റില്‍ നിന്നും 26 സെഞ്ച്വറി ഉള്‍പ്പടെ 8786 റണ്‍സും ഏകദിനത്തില്‍ 161 കളിയില്‍ 22 സെഞ്ച്വറി ഉള്‍പ്പടെ 6932 റണ്‍സുമാണ് വാര്‍ണറുടെ സമ്പാദ്യം. ടി20യില്‍ 110 മത്സരങ്ങളില്‍ നിന്നും 3277 റണ്‍സും വാര്‍ണര്‍ അടിച്ചെടുത്തിട്ടുണ്ട്.
നീല്‍ വാഗ്നര്‍
ന്യൂസിലൻഡിന്‍റെ എക്കാലത്തേയും മികച്ച ടെസ്റ്റ് പേസ് ബൗളര്‍മാരില്‍ ഒരാളായ നീല്‍ വാഗ്നര്‍ ഫെബ്രുവരി 27നായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ന്യൂസിലൻഡ് സ്ക്വാഡില്‍ വാഗ്നറെയും ഉള്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍, പരമ്പരയ്‌ക്കുണ്ടാകില്ലെന്ന് 38കാരനായ താരം സെലക്ടര്‍മാരെ അറിയിക്കുകയായിരുന്നു.
ന്യൂസിലൻഡിനായി 64 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള വാഗ്നര്‍ 260 വിക്കറ്റ് നേടിയിട്ടുണ്ട്. ന്യൂസിലൻഡിനെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പ്രകടനമാണ് വാഗ്നര്‍ നടത്തിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദിനേശ് കാര്‍ത്തിക്ക്
2024 ജൂണ്‍ ഒന്നിന് പിറന്നാള്‍ ദിനത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്ക് 20 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഐപിഎല്‍ ഉള്‍പ്പടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നുവെന്നായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. എന്നാല്‍, പിന്നീട് 2025ലെ എസ്എ20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കുമെന്നും താരം അറിയിക്കുകയായിരുന്നു.
Dinesh Karthik (ANI Photos) ഇന്ത്യയ്‌ക്ക് വേണ്ടി 94 ഏകദിനങ്ങളും 60 ടി20ഐയും 26 ടെസ്റ്റ് മത്സരവുമാണ് കാര്‍ത്തിക്ക് കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 1752 റണ്‍സും ടെസ്റ്റില്‍ 1025 റണ്‍സും ടി20യില്‍ 686 റണ്‍സുമാണ് താരത്തിന്‍റെ സമ്പാദ്യം. ഐപിഎല്ലിലെ 257 കളിയില്‍ നിന്നും 4842 റണ്‍സും ഡികെ നേടിയിട്ടുണ്ട്.
ജെയിംസ് ആൻഡേഴ്‌സണ്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ജെയിംസ് ആൻഡേഴ്‌സണും ഇക്കൊല്ലമാണ് കളമൊഴിഞ്ഞത്. വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 12നായിരുന്നു അവാസാന ആൻഡേഴ്‌സണ്‍ കരിയറിലെ അവസാന മത്സരം കളിച്ചത്.
James Anderson (ANI Photos) 21 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ 188 മത്സരങ്ങളില്‍ നിന്നും 704 വിക്കറ്റാണ് ആൻഡേഴ്‌സണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഏകദിനത്തിലെ 194 കളിയില്‍ നിന്നും 269 വിക്കറ്റും താരം സ്വന്തമാക്കി. 19 ടി20 മത്സരങ്ങള്‍ മാത്രം കളിച്ച താരം 18 വിക്കറ്റാണ് ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ എറിഞ്ഞിട്ടിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടായിരുന്നു 42കാരനായ ആൻഡേഴ്‌സണ്‍ കളമൊഴിഞ്ഞത്.
വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ (ടി20)
ഇന്ത്യൻ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിനോട് വിട പറഞ്ഞ വര്‍ഷം. ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെയായിരുന്നു മൂവരുടെയും വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.
Virat Kohli, Ravindra Jadeja and Rohit Sharma (ANI Photos) ടി20യില്‍ 125 മത്സരങ്ങളില്‍ നിന്നും വിരാട് കോലി 4188 റണ്‍സും രോഹിത് ശര്‍മ 159 മത്സരങ്ങളില്‍ നിന്നും 4231 റണ്‍സുമാണ് ഇന്ത്യയ്‌ക്കായി സ്കോര്‍ ചെയ്‌തിട്ടുള്ളത്. 74 ടി20 മത്സരങ്ങളില്‍ നിന്നും രവീന്ദ്ര ജഡേജ 515 റണ്‍സും 54 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ശിഖര്‍ ധവാൻ
ഇന്ത്യൻ ബാറ്റര്‍ ശിഖര്‍ ധവാനും അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയത് ഈ വര്‍ഷമായിരുന്നു. ഓഗസ്റ്റ് 24നായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. 2022 ഡിസംബറില്‍ ബംഗ്ലാദേശിനോടയിരുന്നു ധവാൻ തന്‍റെ അവസാന ഏകദിന മത്സരം കളിച്ചത്.
Shikar Dhawan (ANI Photos) ഇന്ത്യയ്‌ക്ക് വേണ്ടി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ടി20യിലും ധവാൻ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2315, ഏകദിനത്തില്‍ 6793, ടി20യില്‍ 1759 റണ്‍സുമാണ് ധവാൻ നേടിയത്. ഇന്ത്യ ജേതാക്കളായ 2013ലെ ചാമ്പ്യൻസ് ട്രോഫിയില്‍ മാൻ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്‌കാരം നേടിയത് ധവാനായിരുന്നു. 2015ലെ ഏകദിന ലോകകപ്പിലും 2017ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടാനും ധവാനായിരുന്നു.
ടിം സൗത്തി (ടെസ്റ്റ്)
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെയാണ് ന്യൂസിലൻഡ് പേസര്‍ ടിം സൗത്തി ക്രിക്കറ്റിന്‍റെ പരമ്പരാഗത ഫോര്‍മാറ്റില്‍ നിന്നും കളമൊഴിഞ്ഞത്. അവസാന ടെസ്റ്റില്‍ ന്യൂസിലൻഡിനായി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കാൻ സൗത്തിക്കായി. ഈ മത്സരത്തില്‍ 423 റണ്‍സിന്‍റെ വമ്പൻ ജയമായിരുന്നു ന്യൂസിലൻഡ് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 17 വര്‍ഷം നീണ്ട കരിയറില്‍ ന്യൂസിലൻഡിനായി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമായാണ് 36കാരനായ സൗത്തി കളമൊഴിഞ്ഞത്. 107 ടെസ്റ്റില്‍ നിന്നും 391 വിക്കറ്റാണ് താരം നേടിയത്. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (98) അടിച്ചിട്ടുള്ള നാലാമത്തെ താരവും സൗത്തിയാണ്.
മൊയീൻ അലി
സെപ്‌റ്റംബറിലായിരുന്നു മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇംഗ്ലീഷ് ടീമില്‍ സ്ഥാനം കണ്ടെത്താനാകാതെ വന്നതോടെയാണ് താരം കളമൊഴിഞ്ഞത്. 2014-2024 വരെയുള്ള കാലയളവില്‍ 68 ടെസ്റ്റും 138 ഏകദിനവും 98 ടി20യും ഉള്‍പ്പടെ ഇംഗ്ലണ്ടിനായി 298 മത്സരങ്ങളില്‍ മൊയീൻ അലി കളിച്ചിട്ടുണ്ട്.
Also Read :'അശ്വമേധം' അവസാനിച്ചു; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അശ്വിന്‍, പ്രഖ്യാപനം അപ്രതീക്ഷിതം