ലാഹോർ: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌കെ. പാകിസ്ഥാനില്‍ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെ 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 150 റൺസ് നേടിയത്. 128 പന്തുകളിലാണ് ബ്രീറ്റ്‌സ്‌കെ തന്‍റെ കന്നി ഏകദിന സെഞ്ച്വറി തികച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെസ്റ്റ് ഇൻഡീസ് വലംകൈയ്യൻ ഓപ്പണിങ് ബാറ്റര്‍ ഡെസ്മണ്ട് ലിയോ ഹെയ്ൻസിന്‍റെ 47 വർഷം പഴക്കമുള്ള റെക്കോർഡാണ് മാത്യു ബ്രീറ്റ്‌സ്‌കെ തകർത്തത് . 1978 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന അരങ്ങേറ്റത്തിൽ ഹെയ്ൻസ് 148 റൺസ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ 47 വർഷമായി താരത്തിന്‍റെ പേരിലായിരുന്നു. ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരവും ലോകത്തിലെ 20-ാമത്തെ ബാറ്ററുമാണ് ബ്രീറ്റ്‌സ്‌കെ.