ന്യൂഡൽഹി:മേജര്‍ ധ്യാന്‍ ചന്ദ് ഖേൽരത്ന പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി ഒളിമ്പിക്‌സ് ഷൂട്ടിങ് താരം മനു ഭാക്കറിന്‍റെ പിതാവ് റാം കിഷൻ ഭാക്കര്‍. 'ഒളിമ്പിക്‌സില്‍ പോയി ഇന്ത്യയ്ക്കായി മെഡലുകൾ വാങ്ങരുതായിരുന്നു, അവളെ ഷൂട്ടിങ് താരമാകാൻ അനുവദിച്ചതിൽ ഞാനിപ്പോൾ ഖേദിക്കുന്നു.
ക്രിക്കറ്ററാക്കിയാൽ മതിയായിരുന്നു. അപ്പോൾ എല്ലാ പുരസ്കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു. ഇതുവരെ ആരും നേടിയിട്ടില്ലാത്ത രണ്ട് ഒളിമ്പിക് മെഡലുകൾ ഒരേ പതിപ്പിൽ അവള്‍ നേടി. രാജ്യത്തിന് വേണ്ടി എന്‍റെ മകളിൽ നിന്ന് മറ്റെന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? അവളുടെ ശ്രമങ്ങളെ സർക്കാർ തിരിച്ചറിയണമെന്നും റാം കിഷൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഖേല്‍ രത്‌ന പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പിതാവ് പ്രതികരിച്ചത്. എന്നാല്‍ പുരസ്‌കാരത്തിനായി അപേക്ഷിക്കാത്തതിനാലാണ് താരത്തെ ശുപാർശയിൽ ഉൾപ്പെടുത്താത്തതെന്നാണ് കായിക മന്ത്രാലയത്തിന്‍റെ വിശദീകരണം. എന്നാൽ ഓണ്‍ലൈൻ പോര്‍ട്ടൽ വഴി അപേക്ഷിച്ചിരുന്നതായി താരത്തിന്‍റെ കുടുംബം പറയുന്നു.
കൂടാതെ ഖേൽരത്‌ന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ അന്തിമ പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും പേരുകൾ ഇനിയും തീരുമാനമായിട്ടില്ലെന്നും ഒരാഴ്‌ചയ്‌ക്കുള്ളിൽ ലിസ്റ്റ് പുറത്തുവരാൻ സാധ്യതയുണ്ടെന്നും ഉന്നത വൃത്തങ്ങൾ അവകാശപ്പെട്ടു. വിവാദങ്ങളെ തുടര്‍ന്ന് താരത്തിന്‍റെ പേര് അന്തിമ പട്ടികയില്‍ ഇടംപിടിക്കാനാണ് സാധ്യത.
2024 ലെ പാരീസിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനങ്ങളിലും വെങ്കല മെഡലുകൾ നേടിയ താരമാണ്. ഒളിമ്പിക്‌സിന്‍റെ ഒരേ പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ താരം കൂടിയാണ് മനു ഭാക്കർ.
Also Read:അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ നിക്കി പ്രസാദ് നയിക്കും, സ്‌ക്വാഡ് പ്രഖ്യാപിച്ചു - INDIAN U19 CRICKET TEAM