ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ആവേശജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ട് തവണ പിന്നിലായ ശേഷം തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-2 എന്ന സ്കോറിനാണ് ഷെഫീല്‍ഡ് യുണൈറ്റഡിനെ തകര്‍ത്തത്. മാഞ്ചസ്റ്ററിന് വേണ്ടി ക്യാപ്‌റ്റൻ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തില്‍ ഹാരി മഗ്വയര്‍, റാസ്‌മസ് ഹൊയ്‌ലുണ്ട് എന്നിവരും ഷെഫീല്‍ഡ് വലയില്‍ പന്ത് എത്തിച്ചു.
ആദ്യ വിസില്‍ മുഴങ്ങി 35-ാം മിനിറ്റിലാണ് ഷെഫീല്‍ഡ് യുണൈറ്റഡ് ആദ്യം മുന്നിലെത്തിയത്. മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഒനാനയുടെ പിഴവില്‍ നിന്നായിരുന്നു സന്ദര്‍ശകര്‍ ഗോള്‍ നേടിയത്. ജെയ്‌ഡൻ ബോഗ്‌ലെയായിരുന്നു അവര്‍ക്കായി ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഈ ഗോളിന് മറുപടി നല്‍കാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു. 42-ാം മിനിറ്റില്‍ ഹെഡറിലൂടെ ഹാരി മഗ്വയറാണ് ആതിഥേയരെ എതിരാളികള്‍ക്കൊപ്പമെത്തിച്ചത്. ഇതോടെ, 1-1 എന്ന നിലയില്‍ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും ലീഡ് തിരിച്ച് പിടിക്കാൻ ഷെഫീല്‍ഡ് യുണൈറ്റഡിന് സാധിച്ചു. ബെൻ ബെരെറ്റണ്‍ ഡിയസ് ആയിരുന്നു ഷെഫീല്‍ഡിനായി രണ്ടാം ഗോള്‍ നേടിയത്. 61-ാം മിനിറ്റില്‍ ഈ ഗോളിനുള്ള മറുപടിയും മാഞ്ചസ്റ്റര്‍ നല്‍കി.
പെനാല്‍റ്റിയിലൂടെ യുണൈറ്റഡ് ക്യാപ്‌റ്റൻ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 81-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ തകര്‍പ്പൻ ഒരു ലോങ് റേഞ്ചര്‍ ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ വലയിലെത്തി. ഇതോടെ, മത്സരത്തില്‍ ആദ്യമായി ലീഡ് പിടിക്കാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.
മത്സരത്തിന്‍റെ 85-ാം മിനിറ്റില്‍ റാസ്‌മസ് ഹൊയ്‌ലുണ്ട് യുണൈറ്റഡിന് നാലാം ഗോള്‍ സമ്മാനിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റ് സ്വീകരിച്ചായിരുന്നു താരം ലക്ഷ്യം കണ്ടത്. ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്താൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. 33 മത്സരങ്ങളില്‍ 16 ജയവും അഞ്ച് സമനിലയും സ്വന്തമാക്കിയ അവര്‍ക്ക് 53 പോയിന്‍റാണ് നിലവില്‍.
Also Read:ലിവര്‍പൂളിന്‍റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി, ഇംഗ്ലീഷ് വമ്പൻമാരെ അട്ടിമറിച്ച് എവര്‍ട്ടണ്‍ - Everton Vs Liverpool Result