കേരളം

kerala

ETV Bharat / sports

ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിന് മുന്നില്‍ തകര്‍ന്നടിഞ്ഞു, പുതിയ സീസണിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രക്ഷയില്ല - Man United vs Liverpool Result

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലിവര്‍പൂളിന് ജയം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍  PREMIER LEAGUE  EPL STANDINGS  MANCHESTER UNITED VS LIVERPOOL
MAN UNITED VS LIVERPOOL (X@LFC)

By ETV Bharat Sports Team

Published : Sep 2, 2024, 8:01 AM IST

ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നാണംകെടുത്തി ലിവര്‍പൂള്‍. യുണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡിലേക്ക് സന്ദര്‍ശകരായെത്തിയ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം നേടിയാണ് മടങ്ങിയത്. ലൂയിസ് ഡിയസ്, മുഹമ്മദ് സലാ എന്നിവരായിരുന്നു മത്സരത്തില്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയത്.

വിജയവഴിയില്‍ തിരികെയെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചുവന്ന ചെകുത്താൻമാര്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ പന്തുതട്ടാനിറങ്ങിയത്. അതുകൊണ്ട് തന്നെ ബ്രൂണോ ഫെര്‍ണാണ്ടസ്, ഗര്‍നാച്ചോ, റാഷ്‌ഫോര്‍ഡ് തുടങ്ങിയ പ്രധാന താരങ്ങളെയെല്ലാം പരിശീലകൻ എറിക് ടെൻ ഹാഗ് തങ്ങളുടെ ആദ്യ ഇലവനില്‍ കളത്തിലിറക്കി. മറുവശത്ത് കോഡി ഗാപ്‌കോ, ഡാര്‍വിൻ നൂനസ് എന്നിവര്‍ ഫസ്റ്റ് ഇലവനില്ലാതെ ഇറങ്ങിയിട്ടും മികച്ച രീതിയില്‍ തന്നെ തുടങ്ങാൻ റെഡ്‌സിനായി.

മത്സരത്തിന്‍റെ ഏഴാം മിനിറ്റില്‍ തന്നെ ആതിഥേയരെ ലിവര്‍പൂള്‍ ഞെട്ടിച്ചതാണ്. എന്നാല്‍, യുണൈറ്റഡ് വലയില്‍ പന്തെത്തിച്ച അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ഓഫ്‌സൈഡാണെന്ന് വാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിവര്‍പൂളിന്‍റെ ഗോള്‍ നിഷേധിച്ചു.

35-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മത്സരത്തില്‍ ലീഡെടുത്തു. കാസിമിറൊയുടെ മിസ് പാസ് മുതലെടുത്തുകൊണ്ട് ലിവര്‍പൂള്‍ നടത്തിയ നീക്കമാണ് ഗോളായി മാറിയത്. സലായുടെ ക്രോസ് തലകൊണ്ട് മറിച്ച് ലൂയിസ് ഡിയസാണ് പന്ത് യുണൈറ്റഡ് വലയിലേക്ക് എത്തിച്ചത്.

അവിടെ നിന്നും രണ്ടാം ഗോളിലേക്ക് എത്താനും ലിവര്‍പൂളിന് അധികം സമയം വേണ്ടി വന്നില്ല. കാസിമിറൊ നഷ്‌ടപ്പെടുത്തിയ പന്ത് പിടിച്ചെടുത്തുകൊണ്ട് നടത്തിയ നീക്കത്തിലായിരുന്നു റെഡ്‌സ് ലീഡ് ഉയര്‍ത്തിയത്. സലായുടെ പാസില്‍ നിന്നും ഡിയസ് തന്നെയാണ് ഇത്തവണയും ഗോള്‍ നേടിയത്.

മാറ്റങ്ങളുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയിട്ടും യുണൈറ്റഡിന് രക്ഷയുണ്ടായില്ല. 56-ാം മിനിറ്റില്‍ മുഹമ്മദ് സലായിരൂടെ സന്ദര്‍ശകര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തുകയായിരുന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ലിവര്‍പൂളിനായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങിയ യുണൈറ്റഡ് 3 പോയിന്‍റുമായി 14-ാം സ്ഥാനത്താണ്.

Also Read :'ദേ പിന്നെയും ഹാലൻഡ്...', ഹാട്രിക്കടിച്ച് സൂപ്പര്‍ സ്ട്രൈക്കര്‍; പ്രീമിയര്‍ ലീഗില്‍ സിറ്റിയ്‌ക്ക് മൂന്നാം ജയം

ABOUT THE AUTHOR

...view details