ലണ്ടൻ :പ്രീമിയര്‍ ലീഗില്‍ (Premier League) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (Manchester United) തോല്‍വി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഫുള്‍ഹാമാണ് (Fulham) മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്‍റെ തോല്‍വി (Manchester United vs Fulham Result).
പരിക്കിന്‍റെ പിടിയിലുള്ള ലൂക്ക് ഷോ, ഹോയ്‌ലുണ്ട് എന്നിവരില്ലാതെയാണ് ഓള്‍ഡ്ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. ഹോയ്‌ലുണ്ടിന്‍റെ അഭാവത്തില്‍ റാഷ്‌ഫോര്‍ഡായിരുന്നു യുണൈറ്റഡിനായി സെൻട്രല്‍ ഫോര്‍വേഡ് റോളില്‍ കളിക്കാനിറങ്ങിയത്.
ഫുള്‍ഹാമിന്‍റെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. 14-ാം മിനിറ്റില്‍ അലെക്‌സ് ഇയോബിയുടെ ഷോട്ട് പുറത്തേക്ക് പോയി. തുടര്‍ന്നും ഇയോബി മാഞ്ചസ്റ്റര്‍ പ്രതിരോധത്തിന് തലവേദനയായി.
21-ാം മിനിറ്റില്‍ ഒനാനയുടെ സേവിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രക്ഷപ്പെട്ടു. 25-ാം മിനിറ്റിലാണ് യുണൈറ്റഡ് ഫുള്‍ഹാം ബോക്‌സിലേക്ക് ഒരു മികച്ച നീക്കം നടത്തിയത്. എന്നാല്‍, ആ അവസരം മുതലെടുക്കാൻ അവര്‍ക്കായില്ല.
31-ാം മിനിറ്റില്‍ ഡാലോട്ടിന്‍റെ ഷോട്ട് ഗോള്‍ പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക് പോയി. 33-ാം മിനിറ്റില്‍ ഫുള്‍ഹാം താരം റോഡ്രിഗോ മൂനിസിന്‍റെ ഷോട്ടിനും ഗോള്‍പോസ്റ്റ് വില്ലനായി. തൊട്ടുപിന്നാലെ വീണ്ടും ഒനാന യുണൈറ്റഡിന്‍റെ രക്ഷകനായി. 39-ാം മിനിറ്റില്‍ ആൻഡ്രേസ് പെരേയ്‌രയുടെ ഷോട്ടായിരുന്നു ഒനാന രക്ഷപ്പെടുത്തിയത്.
ഗോള്‍ രഹിതമായ ഒന്നാം പകുതിയ്‌ക്ക് ശേഷവും ഇരു ടീമും ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചു. ഫുള്‍ഹാമിന്‍റെ ആക്രമണങ്ങളായിരുന്നു കൂടുതലും. ഇതിന്‍റെ ഫലം മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ അവര്‍ കണ്ടെത്തുകയും ചെയ്‌തു. കോര്‍ണര്‍ കിക്കില്‍ നിന്നും ഫുള്‍ഹാമിന്‍റെ കാല്‍വിൻ ബാസിയാണ് യുണൈറ്റഡ് വലയില്‍ പന്തെത്തിച്ചത്. പിന്നീട് തിരിച്ചടിക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ശ്രമങ്ങള്‍.
89-ാം മിനിറ്റില്‍ ഹാരി മഗ്വെയര്‍ ആതിഥേയര്‍ക്ക് സമനില ഗോള്‍ സമ്മാനിച്ചു. മത്സരം 1-1 സമനിലയില്‍. ഇഞ്ചുറി ടൈമില്‍ ഫുള്‍ഹാം തിരിച്ചടിച്ചു. 9 മിനിറ്റ് അധിക സമയം അനുവദിച്ച മത്സരത്തിന്‍റെ ഏഴാം മിനിറ്റിലായിരുന്നു ഫുള്‍ഹാം വിജയഗോള്‍ നേടിയത്. അലെക്‌സ് ഇയോബിയായിരുന്നു അവരുടെ ഗോള്‍ സ്കോറര്‍.
സീസണില്‍ 26 മത്സരം പൂര്‍ത്തിയായപ്പോള്‍ യുണൈറ്റഡിന്‍റെ പത്താമത്തെ തോല്‍വിയായിരുന്നു ഇത്. 14 ജയം സ്വന്തമായുള്ള യുണൈറ്റഡ് നിലവില്‍ 44 പോയിന്‍റുമായി ആറാം സ്ഥാനത്താണ്. 32 പോയിന്‍റുമായി ഫുള്‍ഹാം പോയിന്‍റ് പട്ടികയില്‍ 12-ാം സ്ഥാനത്ത് തുടരുകയാണ്.